Saturday 04 July 2020 12:29 PM IST : By സ്വന്തം ലേഖകൻ

സുരേഷ് ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവച്ചന് കോടതിയുടെ വിലക്ക്! പരാതിയുമായി കടുവയുടെ തിരക്കഥാകൃത്ത്

sureshvhbghh889

സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന് കോടതിയുടെ വിലക്ക്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് പകര്‍പ്പവകാശ ലംഘനം ആരോപിച്ച് എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന സുരേഷ് ഗോപി ചിത്രത്തിലെ നായകകഥാപാത്രമായ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹര്‍ജി ഭാഗം കോടതിയില്‍ ഹാജരാക്കി. കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിക്കുകയും രേഖകള്‍ ഹാജരാക്കുകയും ചെയ്തത് പരിഗണിച്ചാണ് നടപടി.


സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജ് സുകുമാരനും ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ് നായകനായ ആദം ജോണാണിന്റെ സംവിധായകനാണ് ജിനു എബ്രഹാം. ജിനു ഏബ്രഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍.

Tags:
  • Movies