Saturday 23 March 2019 02:46 PM IST : By സ്വന്തം ലേഖകൻ

ജയലളിതയായി കങ്കണ, ‘തലൈവി’യുടെ തിരക്കഥയൊരുക്കുന്നത് വിജയേന്ദ്രപ്രസാദ്! പ്രഖ്യാപനവുമായി എ.എൽ വിജയ്

kangana-new

സ്ക്രീനിലെ ജയലളിതയാകാൻ ഇനി കങ്കണ റണാവത്തും. എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ജയലളിതയുടെ ജീവചരിത്ര സിനിമയിലാണ് കങ്കണ നായികയാകുന്നത്.

കങ്കണയുടെ ജന്മദിനത്തോടനുബന്ധിച്ച്, ആരാധകർക്കുള്ള സർപ്രൈസ് സമ്മാനമെന്ന രീതിയിലാണ് വിജയ് ചിത്രം അനൗൺസ് ചെയ്തത്. ‘തലൈവി’ എന്ന പേരിൽ തമിഴിലും ‘ജയ’ എന്ന പേരിൽ ഹിന്ദിയിലുമാണ് ചിത്രമൊരുങ്ങുക.

‘മണികർണിക: ദ ക്യൂൻ ഒാഫ് ഝാൻസി’യുടെ വൻ വിജയത്തിനു ശേഷം കങ്കണ നായികയാകുന്ന ജീവചരിത്ര സിനിമയെന്നതും തലൈവിയുടെ ഹൈലൈറ്റാണ്.

“രാജ്യത്തെ ഏറ്റവും കരുത്തയായ നേതാക്കളിൽ ഒരാളായിരുന്നു ജയലളിത. അവരെ കുറിച്ച് ഒരു ജീവചരിത്രസിനിമ എന്നത് വലിയ ഉത്തരവാദിത്വമാണ്. വളരെ ശ്രദ്ധയോടും സത്യസന്ധതയോടെയും ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ജയലളിതയെ അവതരിപ്പിക്കാൻ കങ്കണ റണാവത്ത് തയാറായതിൽ സന്തോഷവും അഭിമാനവുമുണ്ട്”.–സംവിധായകൻ പറഞ്ഞു.

ഒരു മുഖ്യധാരാസിനിമയ്ക്ക് ഇണങ്ങിയ മികച്ചൊരു ആശയമാണ് ജയലളിതയുടെ ജീവിതമെന്നും ഈ പ്രൊജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നുമാണ് കങ്കണയുടെ പ്രതികരണം.

‘ബാഹുബലി’, ‘മണികർണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെ.വി വിജയേന്ദ്രപ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് നിർമ്മാണം.

മുൻപ്, നയൻതാരയും വിദ്യ ബാലനും വരലക്ഷ്മി ശരത്കുമാറുമൊക്കെ ചിത്രത്തിൽ നായികമാരാകുന്നു എന്നു പറഞ്ഞു കേട്ടിരുന്നു.

അതേസമയം, ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പ്രിയദർശിനി സംവിധാനം ചെയ്യുന്ന ‘ദി അയേൺ ലേഡി’യും ഗൗതം മേനോന്റെ വെബ് സീരിസും അണിയറയിലൊരുങ്ങുകയാണ്.

‘ദി അയേൺ ലേഡി’യിൽ നിത്യമേനോനാണ് ജയലളിതയെ അവതരിപ്പിക്കുന്നത്. വെബ് സീരിസിൽ രമ്യ കൃഷ്ണനാണ് ജയയാകുക.