Tuesday 30 June 2020 09:27 AM IST : By സ്വന്തം ലേഖകൻ

ഒരു ലക്ഷം! ഷോക്കടിപ്പിച്ച് വൈദ്യുതി ബിൽ: കാർത്തികയുടെ ട്വീറ്റ് വൈറൽ

karthika

വൈദ്യുതി ബിൽ കണ്ടു ഞെട്ടി നടി കാർത്തിക. ഒരു ലക്ഷത്തോളം രൂപയാണ് കാർത്തികയ്ക്ക് വന്ന വൈദ്യുതി ബിൽ. ബിൽതുക കണ്ട ഞെട്ടലിൽ കാർത്തിക കുറിച്ച ട്വീറ്റ് ഇതിനോടകം വൈറൽ ആണ്.

താരത്തിന്റെ മുംബൈയിലെ വീട്ടില്‍, അദാനി ഇലെക്ട്രിസിറ്റി മുംബൈയുടെ ബില്ലിലാണ് ഭീമമായ തുക. മീറ്റർ റീഡിങ് എടുക്കാതെയാണ് ബിൽ നൽകിയതെന്ന് കാർത്തിക പറയുന്നു.

‘ജൂണിലെ എന്റെ വൈദ്യുതി ബിൽ ഒരു ലക്ഷം. അതും അവരുടെ കണക്കിൽ. എന്റെ മീറ്റർ റീഡിങ് പോലും നോക്കിയിട്ടില്ല.’–കാർത്തിക ട്വീറ്റ് ചെയ്തു

കാർത്തികയുടെ ട്വീറ്റിന് അദാനി ഇലക്ട്രിസിറ്റി മറുപടി നൽകുന്നുണ്ട്. അക്കൗണ്ട് നമ്പറും കോൺടാക്ട് വിവരങ്ങളും തങ്ങൾക്ക് കൈമാറാൻ ഇവർ നിർദ്ദേശിക്കുന്ന റിപ്ലൈയും ഇത്രയും തുക വന്നത് പരിശോധിക്കാമെന്നുള്ള ഉറപ്പും ട്വീറ്റിൽ ഉണ്ട്.

നടി രാധയുടെ മകളായ കാർത്തിക സിനിമയിൽ നിന്നു ബിസിനസ്സിലേക്കു തിരിഞ്ഞ്, ഇപ്പോൾ പ്രമുഖ ഹോട്ടൽ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടറാണ്.