Tuesday 16 April 2019 12:19 PM IST : By സ്വന്തം ലേഖകൻ

മൊട്ടയടിച്ച് കൃഷ്ണപ്രഭ; മെയ്ക്ക് അപ് എന്ന് തെറ്റിദ്ധരിച്ച ആരാധകർക്ക് താരത്തിന്റെ മറുപടി

kp

നടി കൃഷ്ണപ്രഭയുടെ ചിത്രം കണ്ട പ്രേക്ഷകർ ആദ്യമൊന്ന് അമ്പരന്നു. തലമൊട്ടയടിച്ച് നിൽക്കുന്ന താരത്തെ കണ്ടപ്പോൾ ഏതോ ചിത്രത്തിന്റെ ഷൂട്ടിംഗെന്നാണ് പലരും നിനച്ചത്. സംഗതി ഒറിജിനലാണെന്ന് കണ്ടപ്പോൾ ഇതെന്ത് പറ്റിയെന്നായി ചോദ്യം. ഭംഗിയായി വെട്ടിയിട്ടിരുന്ന മുടി ഇപ്പോള്‍ മൊട്ടയടിച്ചതിന്റെ കാരണം ആരായലായി പിന്നീട്. ഇപ്പോഴിതാ അതിനെല്ലാം മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മേയ്ക്കപ്പെന്ന് ആരാധകർ തെറ്റിദ്ധരിച്ച ‘മൊട്ട’ തിരുപതി ക്ഷേത്ര ദര്‍ശനത്തിന്റെ ഭാഗമാണെന്നാണ് താരത്തിന്റെ വിശദീകരണം. ഇതോടെ വലിയൊരു കൺഫ്യൂഷനും അവസാനമായി. കുടുംബസമേതമായിരുന്നു താരത്തിന്റെ യാത്ര. സംഭവം നേര്‍ച്ചയൊന്നുമല്ലെന്നും എല്ലാ വര്‍ഷവും തിരുപ്പതിയില്‍ പോകാറുണ്ടെന്നും താരം വിശദീകരിക്കുന്നു.

ഭഗവാന്റെ കൃപകൊണ്ട് എല്ലാ അനുഗ്രഹവുമുണ്ട്. ജെയ്നിക ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ നന്നായി പോകുന്നു. ദൈവാനുഗ്രഹത്തില്‍ അഭിനയരംഗത്തും പ്രോഗ്രാമുകളും എല്ലാം നന്നായി ലഭിക്കുന്നുണ്ട്” കൃഷ്ണപ്രഭ പറയുന്നു. താന്‍ എല്ലാ വര്‍ഷവും തിരുപ്പതിയില്‍ പോകാറുണ്ടെന്നും തന്റെ ചേട്ടന്‍ എല്ലാ വര്‍ഷവും മൊട്ടയടിക്കുന്നതാണെന്നും കൃഷ്ണപ്രഭ പറയുന്നു. ഇതിനു മുന്‍പ് തിരുപ്പതിയില്‍ പോയിരുന്നപ്പോള്‍ കൃഷ്ണപ്രഭയുടെ അമ്മയും മൊട്ടയടിച്ചിരുന്നു. ഇത്തവണ മൂന്ന് പേരും ഒരുമിച്ച് തല മൊട്ടയടിച്ചാണ് തിരിച്ചെത്തിയതെന്ന് കൃഷ്ണപ്രഭ കൂട്ടിച്ചേര്‍ത്തു.