Saturday 19 January 2019 04:13 PM IST : By സ്വന്തം ലേഖകൻ

‘‘വിജയ് യേശുദാസിന് എന്നെക്കാളും പ്രായമുണ്ടെന്നു മനസ്സിലായി’’; ജയറാമിന് നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബൻ

jayaram-new

കാളിദാസ് ജയറാം നായകനാകുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെയും കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന അള്ള് രാമേന്ദ്രന്റെയും ഓഡിയോ ലോഞ്ച് ഒരേ വേദിയിലായിരുന്നു. ഗോപി സുന്ദര്‍, അരുണ്‍ ഗോപി, കുഞ്ചാക്കോ ബോബന്‍, ജയറാം, ചാന്ദിനി, ഐശ്വര്യ ലക്ഷ്മി, കാളിദാസ് ജയറാം, വിജയ് ബാബു, നീരജ് മാധവ്, വിജയ് യേശുദാസ്,ജോജു തുടങ്ങി വന്‍താര നിര ചടങ്ങിനെത്തിയതോടെ പരിപാടി കൊഴുത്തു. ആഷിഖ് ഉസ്മാനാണ് ഇരുചിത്രങ്ങളുടെയും നിര്‍മ്മാതാവെന്നതാണ് ചടങ്ങ് ഒന്നിച്ചാകാൻ കാരണം.

ചടങ്ങിൽ സംസാരിച്ച ജയറാം, പണ്ട് യേശുദാസിന്റെ ഒരു പരിപാടിക്കിടെ കുട്ടിയായിരുന്ന കാളിദാസ് കരഞ്ഞു ബഹളമുണ്ടാക്കിയപ്പോൾ വിജയ് യേശുദാസ് എടുത്തു കൊണ്ടു നടന്നതിന്റെ ഓർമ്മ പങ്കു വച്ചു. അന്ന്, ‘ഇവനൊക്കെ വേണ്ടി ഞാൻ പാടേണ്ടി വരുമോ’യെന്ന് വിജയ് സ്വയം ചോദിച്ചതായും ജയറാം ഓർത്തു. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിൽ കാളിദാസിനു വേണ്ടി വിജയ് ഒരു പാട്ട് പാടിയിട്ടുണ്ട്. അതുമായി ബന്ധപ്പെടുത്തിയാണ് ജയറാം ഈ കഥ പറഞ്ഞത്. ജയറാം സംസാരിച്ചു കഴിഞ്ഞ് മൈക്ക് കൈയിലെടുത്ത കുഞ്ചാക്കോ ബോബൻ ഇതുമായി ബന്ധപ്പെട്ടു പറഞ്ഞ തമാശ സദസ്സിൽ ചിരി പടർത്തി. വിജയ് യേശുദാസിന് എന്നെക്കാളും പ്രായമുണ്ടെന്നു മനസ്സിലായി എന്നായിരുന്നു ജയറാമിനു നന്ദി പറഞ്ഞ് ചാക്കോച്ചന്റെ കൗണ്ടർ. സദസ്സിലിരുന്ന വിജയ് കള്ളം, കള്ളം എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.