Saturday 14 May 2022 11:05 AM IST : By സ്വന്തം ലേഖകൻ

എന്റെ പതിനേഴാം പിറന്നാൾ ആഘോഷം ‘വിക്രം’ സെറ്റിൽ വച്ചായിരുന്നു: ലിസിയുടെ കുറിപ്പ്

lissy

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’ റിലീസിനൊരുങ്ങുമ്പോൾ, പഴയ ‘വിക്ര’ത്തെ ഓർത്ത് നടി ലിസി. ‘വിക്രം’ എന്ന പേരിൽ 1986ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രത്തിൽ ഒരു നായിക ലിസിയായിരുന്നു.

‘ഇന്നും അന്നും ! വർഷങ്ങൾക്കു ശേഷം വിക്രം എന്ന പേരിൽ മറ്റൊരു ചിത്രം ഒരുക്കുകയാണ് കമൽഹാസൻ സർ. എന്നാല്‍ രണ്ട് സിനിമകളുടെയും പ്രമേയം തമ്മിൽ ഏറെ വ്യത്യാസമുണ്ട്. ആദ്യം ഇറങ്ങിയ വിക്രം സിനിമയിലെ ഒരു ഹീറോയിൻ ഞാനായിരുന്നു. പുതിയ വിക്രത്തിൽ എനിക്കൊരു വേഷം ലഭിക്കാത്തതില്‍ സങ്കടമുണ്ട്. എന്നിരുന്നാലും ഈ സിനിമയുടെ വോയിസ് റെക്കോർഡിങ് ചെയ്തിരിക്കുന്നത് ലിസി ലക്ഷ്മി സ്റ്റുഡിയോസിൽ ആണെന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. കമൽ സാറും വിക്രം ടീം അംഗങ്ങളും എന്റെ സ്റ്റുഡിയോയിൽ വന്നത് തന്നെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു.

ഇനി വിക്രം ആദ്യ സിനിമയെക്കുറിച്ച് പറയാം. അത് വലിയൊരു അനുഭവം തന്നെയായിരുന്നു. എന്റെ പതിനേഴാം പിറന്നാൾ ആഘോഷം ഈ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു. അന്ന് ആ സെറ്റിലുണ്ടായിരുന്ന മുഴുവന്‍ ആളുകളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

ഇന്ത്യയിലെ തന്നെ ആദ്യ ബോണ്ട് മൂവിയെന്ന് പറയാം. അഭിനയിക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിലൊരാൾ. എനിക്കൊപ്പമുള്ളത് ഗ്രീക്ക് ദേവതയെപ്പോലെ സുന്ദരിയായ ഡിംപിൾ കപാഡിയ. ഞാൻ വർക്ക് ചെയ്തതിൽ വച്ച് ഏറ്റവും വലിയ ടീം. പതിനേഴുകാരിയായ എനിക്കത് വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങളായിരുന്നു.

പുതിയ വിക്രത്തിന് എന്റെ എല്ലാ ആശംസകളും’.– ലിസി കുറിച്ചു.