Saturday 09 November 2019 03:21 PM IST : By സ്വന്തം ലേഖകൻ

‘ആ മരണ വാര്‍ത്തയിലെ വ്യക്തി ഞാനല്ല’; ലൈവിലെത്തി തെറ്റിദ്ധാരണ നീക്കി സംവിധായകന്‍ ജോസ് തോമസ്!

jose-thomas-director

കിളിമാനൂരിന് സമീപം നടന്ന വാഹനാപകടത്തില്‍ മാധ്യമപ്രവർത്തകനും നാടക, ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് (58) അന്തരിച്ചിരുന്നു. അതേസമയം മരണ വാര്‍ത്തയിലെ വ്യക്തി താനല്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ ജോസ് തോമസ് രംഗത്തുവന്നു. മരണപ്പെട്ടയാൾ സംവിധായകന്‍ ജോസ് തോമസാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചതോടെയാണ് ഫെയ്‌സ്ബുക് ലൈവിലെത്തി സംവിധായകൻ കാര്യങ്ങൾ വിശദീകരിച്ചത്. മാട്ടുപ്പെട്ടി മച്ചാന്‍, മീനാക്ഷി കല്യാണം, അടിവാരം, ഉദയപുരം സുല്‍ത്താന്‍, മായാമോഹിനി, ശൃംഗാരവേലന്‍, സ്വര്‍ണക്കടുവ തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോസ് തോമസ്.

സംഭവത്തെക്കുറിച്ച് ജോസ് തോമസ് പറയുന്നതിങ്ങനെ; 

"ഇന്ന് രാവിലെ ചാനലുകളില്‍ ജോസ് തോമസ് എന്നൊരാൾ വാഹനാപകടത്തില്‍ മരിച്ചതായി കണ്ടു. ഈ വാർത്തയറിഞ്ഞ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉൾപ്പെടെ നിരവധിപേരാണ് എന്റെ കുടുംബത്തെ വിളിച്ചത്. എന്റെ സഹോദരങ്ങള്‍ പോലും ഞെട്ടിപ്പോയി. ഈ വാര്‍ത്ത അറിഞ്ഞിട്ടും ഭയപ്പെട്ട് വിളിക്കാതിരിക്കുന്ന ആളുകള്‍ക്കായാണ് ഈ വിഡിയോ. 

ചലച്ചിത്ര പ്രവര്‍ത്തകനും മാധ്യമപ്രവർത്തകനുമായ ജോസ് തോമസാണ് മരിച്ചത്. എന്റെ സമപ്രായക്കാരനാണ് അദ്ദേഹവും. എനിക്ക് അടുത്തറിയാവുന്ന ആളുമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ആരും സംശയിക്കേണ്ട, ഭയപ്പെടേണ്ട ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട്."

Tags:
  • Gossips
  • Movies