Saturday 03 November 2018 09:48 AM IST : By സ്വന്തം ലേഖകൻ

‘പള്ളിയിൽ വന്നാൽ സെൽഫിയെടുക്കരുത്, ‌പ്രാർത്ഥിക്കണം’; വൈറലായി മമ്മൂട്ടിയുടെ സ്നേഹോപദേശം–വിഡിയോ

mammookka

എത്ര തിരക്കു പിടിച്ച സമയത്തായാലും, ഏത് ദേശത്തായാലും വെള്ളിയാഴ്ചകളിലെ ‘ജുമുഅ’ പ്രാർത്ഥന മുടക്കാറില്ല മെഗാസ്റ്റാർ മമ്മൂട്ടി. വെള്ളിയാഴ്ച ദിവസമായ ഇന്നലെ കാസർകോട്ടെ ഒരു ഉൾനാടൻ പള്ളിയിലെത്തിയ മമ്മൂക്കയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. നേരവും കാലവും നോക്കാതെ ഇഷ്ടം പ്രകടിപ്പിക്കാൻ എത്തുന്നവരോടുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയെ ഇരുത്തി ചിന്തിപ്പിക്കുന്നത്.

ജുമുഅ നമസ്കാരത്തിനായി പള്ളിയിലേക്ക് ഒരു മണിയോടെ എത്തിയതായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയെ കണ്ടപാടെ ഒരു കൂട്ടം ആരാധകർ ചുറ്റും പൊതിഞ്ഞു. സെൽഫിയെടുക്കാൻ അടുത്തുകൂടി. ഏറെയും ചെറുപ്പക്കാരും കുട്ടികളുമായിരുന്നു. പള്ളിയിേലക്ക് നിസ്കരിക്കാൻ ഇറങ്ങിയപ്പോഴാണ് ആരാധകരുടെ ഇൗ ഇഷ്ടം. അപ്പോൾ ഇതായെത്തി, മമ്മൂട്ടിയുടെ സ്നേഹോപദേശം.

‘പള്ളിയിലെത്തുമ്പോൾ ഫോട്ടോ എടുക്കരുത്. പള്ളിയിലേക്ക് വരുമ്പോൾ പള്ളിയിൽ വരുന്നപോലെ തന്നെ വരണം. പ്രാര്‍ഥിക്കണം’ താരത്തിന്റെ ഇൗ ഉപദേശം മനസിലാക്കി ആവണം ആരാധകർ പതിയെ ഫോട്ടോ എടുക്കുന്നതിൽ നിന്നും പിൻമാറി. തുടർന്ന് അനുസരണയോടെ താരത്തിനൊപ്പം പള്ളിയിേലക്ക് നടന്നുനീങ്ങി. ഇൗ വിഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. മറ്റൊരാള്‍ താരത്തിന്റെ മനസ്സറിഞ്ഞ് സെല്‍ഫിയെടുക്കുന്നത് തടയുന്നുമുണ്ട്. 

അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ഉണ്ടയിൽ അഭിനയിക്കാനാണ് മമ്മൂട്ടി കഴിഞ്ഞാഴ്ച കാസര്‍ക്കോട്ടെത്തിയത്. പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.