Monday 23 April 2018 03:49 PM IST : By സ്വന്തം ലേഖകൻ

വാഹനം ഏതും ആയിക്കോട്ടെ; മമ്മൂക്ക സൂപ്പറാ

mammootty_canoe

വാഹനമേതായാലും മമ്മൂക്ക സൂപ്പറാണ്... കുട്ടനാട്ടിലൂടെ വള്ളം തുഴഞ്ഞുനടക്കുന്ന മമ്മൂട്ടിയെ കണ്ട് ആരാധകര്‍ വീണ്ടും ആവേശത്തില്‍ പറയുന്നു. ഏറെ പരിചയമുള്ളത് പോലെയാണ് വള്ളവും തുഴഞ്ഞ് മമ്മൂക്കയുടെ പോക്ക്. സ്ഥിരമായി ചെയ്യുന്നത് പോലെ തോന്നും എന്നു കരയില്‍ നിന്നു കാണുന്നവര്‍ പലരും പറയുന്നു. കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വിഡിയോ ആണ് വൈറലായിക്കഴിഞ്ഞത്. ഒപ്പം മമ്മൂക്കയുടെ വള്ളം തുഴയലും. ഇതൊക്കെ എന്ത് എന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്.

സിനിമയുടെ ചിത്രീകരണ വേളയില്‍ ആരോ പകർത്തിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏത് വണ്ടിയായാലും മമ്മൂക്കയ്ക്ക് ഓക്കെ ആണെന്നായിരുന്നു ഈ രംഗം കണ്ട് നിന്നവരുടെ കമന്റ്. ആ പഴയ മമ്മൂക്കയും ആ പഴയ വള്ളം തുഴയലും തന്നെ. ഈ മനുഷ്യന് മാത്രമേ ഇങ്ങനെ നിത്യ ഹരിത നായകനാകാന്‍ കഴിയൂ എന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നത്.



പണ്ട് ശ്രീനിവാസനെയും വച്ച് വെണ്ണിലാചന്ദനക്കിണ്ണം പാടി പുന്നമടക്കായലിലൂടെ തുഴഞ്ഞ് നടന്ന മമ്മൂക്കയ്ക്ക് ഇതൊന്നും പുതുമല്ലല്ലോ എന്നാണ് ഇവര്‍ പറയുന്നത്. എന്തിന് കടലില്‍ പോലും വള്ളം തുഴഞ്ഞ് അമരത്തില്‍ വിസ്മയിപ്പിച്ച നടനാണ് മമ്മൂക്ക. തച്ചിലേടത്തു ചുണ്ടനില്‍ ചുണ്ടന്‍ വള്ളത്തിന്റെ അമരക്കാരനായി. പറഞ്ഞു വരുമ്പോള്‍ വള്ളവും മമ്മൂക്കയും തമ്മിലുള്ള ബന്ധം അത്ര പുതിയതൊന്നുമല്ല. അത് പോലെ തന്നെ കുട്ടനാടുമായും.

കാര്യമെന്തൊക്കെയായാലും കുട്ടനാട് എന്നത് പേരില്‍ വരുന്ന ആദ്യ ചിത്രത്തില്‍ മമ്മൂക്ക തന്നെ നായകനായതും നിമിത്തമെന്നല്ലാതെ എന്ത് പറയാന്‍.