Wednesday 30 January 2019 04:38 PM IST

ഒരു കൊച്ചു കുട്ടി തിരമാലകൾ പോലെ ഉയരുന്ന കൈയടികളുടെ നടുവിലേക്ക്! മഞ്ജു പങ്കുവയ്ക്കുന്നു ചിലങ്കകെട്ടിയ ഓർമ്മകൾ

Vijeesh Gopinath

Senior Sub Editor

manju_01

സംസ്ഥാന സ്കൂള്‍ കലോത്സവവേദിയായി കലയുടെ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍മാറി. തേക്കിൻകാട് മൈതാനിയിൽ ഭരതനാട്യത്തിന്റെ താളം മുറുകുമ്പോൾ ഒട്ടേറെ പ്രതീക്ഷകളുമായി കാല്‍ചിലങ്കകളില്‍  വിജയഗാഥ തീര്‍ത്ത ഒരു പഴയ കലാതിലകമുണ്ട്. നര്‍ത്തകിയില്‍ നിന്നും മലയാളത്തിലെ മികച്ച നടിയായി മാറിയ മഞ്ജു വാരിയര്‍.
നടിയായി വളര്‍ന്നപ്പോഴും മഞ്ജുവിന് കൂട്ടായി ചിലങ്കയുടെ നാദവുമുണ്ടായിരുന്നു. കലോത്സവവേദികളിലും ക്ഷേത്ര ഉത്സവങ്ങളിലും നൃത്തഭംഗിയുടെ വിളിപ്പേരായി മഞ്ജു മാറി. ഓരോ വേദിയും ഓരോ അനുഭവങ്ങൾ തന്നെയായിരുന്നു...മഞ്ജു പറയുന്നു.

‘‘ഓർക്കുമ്പോൾ ഇപ്പോഴും കൊതി തോന്നും. ഒരു കൊച്ചു കുട്ടി തിരമാലപോലെ ഉയരുന്ന കൈയടികൾക്കു മുന്നിലേക്ക്, പത്രക്കാരുടെ ക്യാമറകൾക്കു മുന്നിലേക്ക് ഒരു പാടു സന്തോഷത്തോടെ വന്നു നിൽ‌ക്കുന്നത്. അഭിനന്ദനങ്ങളും വാത്സല്യവും ചൊരിയാൻ എത്രയോ പേർ. ഈ സന്തോഷം ഒരുപാടാളുകളുടെ അധ്വാനമാണ്. കലോത്സവവേദികളിലേക്കുളള യാത്രകൾ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നതും അതുകൊണ്ടു തന്നെ. മലപ്പുറം ജില്ലയിലെ തിരൂരിലായിരുന്നു ഒരു കലോത്സവം. അപ്പോഴേക്കും അച്ഛന് കണ്ണൂരേക്ക് സ്ഥലം മാറ്റം കിട്ടിയിരുന്നു. ഞാനും അച്ഛനും അമ്മയും പക്കമേളക്കാരും നൃത്താധ്യാപകനും എല്ലാവരും കൂടി തിരൂരിലേക്കുളള‌ യാത്രയാരംഭിച്ചു. ഉളള ഹോട്ടലുകളെല്ലാം ആദ്യമേ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു. താമസിക്കാൻ സ്ഥലം കിട്ടുന്നില്ല. ഒടുവിൽ ആരോ ഒരു വീട് സംഘടിപ്പിച്ചിരുന്നു.

യാത്രയിലെ രസങ്ങളെല്ലാം ആ വീടു കണ്ടപ്പോൾ തീർന്നു. പ്രേതസിനിമയിലൊക്കെ കണ്ടിട്ടുണ്ട് അതുപോലൊരു വീട്. വാതില്‍ തുറക്കുമ്പോൾ പശ്ചാത്തലത്തിൽ കറ കറ ശബ്ദം നിറച്ച് മാറാല. ഇരുട്ടാൻ തുടങ്ങിയിരുന്നു. ഒരു മുറി വ‍ൃത്തിയാക്കി ഞാനും അമ്മയും അവിടെ കിടന്നു. ബാക്കിയുളളവർ‌ മുറ്റത്ത് ഓല നിരത്തി അതിന്റെ മുകളിൽ പായ വിരിച്ച് കിടന്നുറങ്ങി. ഇന്നിപ്പോൾ എന്റെ യാത്രകൾക്ക് ഊർജമായത് അവരുടെ കഷ്ടപ്പാടുകളും പ്രാർത്ഥനകളും കൂടിയാണ്.