Monday 11 January 2021 11:57 AM IST : By സ്വന്തം ലേഖകൻ

കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ‘മാസ്റ്റർ’ ആരാധകർ! ടിക്കറ്റ് മുന്‍കൂട്ടി വാങ്ങുന്നതിന് തിയറ്ററുകളില്‍ തടിച്ചുകൂടി ജനം: വിഡിയോ

master

വലിയ ആവേശത്തോടെയാണ് വിജയ് ചിത്രം ‘മാസ്റ്റർ’ റിലീസിനായി താരത്തിന്റെ ആരാധകർ കാത്തിരിക്കുന്നത്. ജനുവരി 13 നാണ് ചിത്രം റിലീസ് ചെയ്യുക.

എന്നാൽ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ചില വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

സിനിമയുടെ ടിക്കറ്റ് മുന്‍കൂട്ടി വാങ്ങുന്നതിന്, കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ആയിരക്കണക്കിന് ആരാധകരാണ് തമിഴ്നാട്ടിലെ തിയറ്ററുകളില്‍ തടിച്ചുകൂടുന്നത്.

ആരാധകരുടെ തള്ളിക്കയറ്റം കാരണം കോയമ്പേട് രോഹിണി തിയറ്ററില്‍ പൊലീസിനെ വിളിച്ചുവരുത്തേണ്ടിവന്നു. ടിക്കറ്റ് തീരുമെന്ന ആശങ്കയില്‍ തിയറ്ററിലെ സുരക്ഷാ ജീവനക്കാരെ വകവയ്ക്കാനോ നിയന്ത്രണങ്ങള്‍ പാലിച്ച് വരിനില്‍ക്കാനോ ആരാധകര്‍ തയ്യാറായിരുന്നില്ല.

നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കോവിഡ് ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാരും ‘മാസ്റ്റര്‍’ അണിയറപ്രവര്‍ത്തകരും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണ് ആളുകൾ ടിക്കറ്റിനുവേണ്ടി പരക്കംപായുന്നത്.