Friday 25 September 2020 09:18 AM IST : By സ്വന്തം ലേഖകൻ

‘മേഘ്ന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി, ചിരു പുനർജനിച്ചു’ ! ഞാൻ എല്ലാം പറയാം: വ്യാജ വാർത്തകളോട് പ്രതികരിച്ച് മേഘ്ന

megna

നടി മേഘ്നരാജിന്റെ ഭർത്താവും കന്നഡ സിനിമയിലെ സൂപ്പർതാരവുമായിരുന്ന ചിരഞ്ജീവി സർജ അകാലത്തിൽ മരണപ്പെട്ടത് ഇന്ത്യൻ സിനിമയെയാകെ ഞെട്ടിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു ഹൃദയസ്തംഭനത്തെത്തുടർന്ന് ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിടപറയൽ.

ചിരു മരിക്കുമ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. ഇപ്പോഴിതാ, മേഘ്ന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും ചിരു പുനർജനിച്ചുവെന്നും അവകാശപ്പെട്ട് പുറത്തിറങ്ങിയിരിക്കുന്ന വ്യാജ യുട്യൂബ് വിഡിയോകള്‍ക്കെതിരെ മേഘ്ന രംഗത്തെത്തിയിരിക്കുന്നു. താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം വൈറൽ ആണ്.

‘ഒരുപാട് നാളായി നിങ്ങളോട് സംസാരിച്ചിട്ട്. ഞാൻ എല്ലാം പറയാം, ഉടനെ തന്നെ. അതുവരെ കാഴ്ച്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വിഡിയോകൾ നിങ്ങൾ ശ്രദ്ധിക്കരുത്. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാർത്തയും ഞാൻ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും’.– മേഘ്ന സോഷ്യൽമീഡിയിൽ കുറിച്ചു.

പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018 ൽ ലാണ് മേഘ്നരാജും ചിരഞ്ജീവി സർജയും വിവാഹിതരായത്.