Saturday 12 January 2019 12:49 PM IST : By സ്വന്തം ലേഖകൻ

‘മോദിയെ അവതരിപ്പിക്കാന്‍ ഞാനാണ് യോഗ്യൻ’! ചിത്രീകരണം ഈ വർഷമെന്നും പരേഷ് റാവൽ

paresh-

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ രാഷ്ട്രീയ ജീവിതം പറഞ്ഞ ‘ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ തിയേറ്ററുകളിലേക്കെത്തവേയാണ്, പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ‘പി.എം നരേന്ദ്ര മോദി’ എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. വലിയ വിവാദങ്ങൾക്കും കോലാഹലങ്ങൾക്കും വഴിതെളിച്ച ‘ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ മോശം ചിത്രമെന്നാണ് പൊതു വിലയിരുത്തൽ.

‘പി.എം നരേന്ദ്ര മോദി’ യിൽ ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് മോദിയുടെ വേഷത്തിൽ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. എന്നാൽ നരേന്ദ്ര മോദിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ തന്നേക്കാൾ മികച്ചതായി ആരുമുണ്ടാകില്ലെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് മറ്റൊരു ബോളിവുഡ് താരം പരേഷ് റാവൽ. അഹമ്മദാബാദ് ഈസ്റ്റില്‍ നിന്നുള്ള ബി.ജെ.പി എം.പി കൂടിയാണ് പരേഷ്.

മോദിയുടെ ജീവിത കഥ സിനിമയാക്കുമെന്ന് പരേഷ് റാവൽ നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയിലാണ് ഒബ്റോയിയെ കേന്ദ്ര കഥാപാത്രമാക്കി ഒമംഗ് കുമാർ മോദി ചിത്രം പ്രഖ്യാപിച്ചത്.

തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിതെന്നും ഇത്തരം വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾക്കായി താൻ ഏറെ നാളായി കാത്തിരിക്കുകയാണെന്നും പരേഷ് പറയുന്നു. ചിത്രം നിർമ്മിക്കുന്നത് താനാണെന്നും ഈ വർഷം ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം.