Wednesday 08 April 2020 10:39 AM IST : By സ്വന്തം ലേഖകൻ

മൾട്ടി സ്റ്റാർ ഷോർട്ട് ഫിലിം: മമ്മൂട്ടിയെ ചിത്രീകരിച്ചത് ദുൽഖർ! മോഹൻലാലിന്റെ ഭാഗം ഷൂട്ട് ചെയ്തത് പ്രണവ് ആണോ എന്ന് ആരാധകർ

short-film

ലോക്ക് ഡൗൺ കാലത്ത്, രാജ്യത്തെ സൂപ്പർതാരങ്ങൾ ഒന്നിച്ചെത്തിയ മൾട്ടി സ്റ്റാർ ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.

അമിതാഭ് ബച്ചന്‍, രജനികാന്ത്, മമ്മൂട്ടി,മോഹൻലാല്‍, രൺബീർ കപൂർ, ചിരഞ്ജീവി, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും ‘മെയ്ഡ് അറ്റ് ഹോം’ എന്ന ചിത്രത്തിൽ ഒന്നിക്കുന്നു. കോവിഡ് 19 ബോധവൽക്കരണത്തിന്റെ ഭാഗമായും സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനു വേണ്ടിയുമാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.

അമിതാഭ് ബച്ചൻ കളഞ്ഞു പോയ തന്റെ സൺഗ്ലാസ് തപ്പുന്നതാണ് വിഡിയോയുടെ പ്രമേയം. വിഡിയോയുടെ വിവിധ ഘട്ടങ്ങളിലായി എല്ലാ താരങ്ങളും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു. ‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രൺബീറെ’ എന്ന രസികൻ ഡയലോഗാണ് മമ്മൂട്ടി വിഡിയോയിൽ പറയുന്നത്. കൂടാതെ അദ്ദേഹം രജനികാന്തിനോട് ആശാനെ ഒരു ഗ്ലാസ് അമിതാഭ് ജിക്ക് കൊടുക്കാൻ പറയുന്നുമുണ്ട്. മറ്റു താരങ്ങളും വ്യത്യസ്തമായ പ്രകടനങ്ങളുമായി ശ്രദ്ധ നേടുന്നുണ്ട്.

പ്രസൂൺ പാണ്ഡെയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. കല്യാൺ ജുവലേഴ്സും സോണി പിക്ചേഴ്സും ചേർന്നാണ് നിർമാണം.

താരങ്ങളെല്ലാം തങ്ങളുടെ വീട്ടില്‍ തന്നെ ഷൂട്ട് ചെയ്ത വിഡിയോ കോര്‍ത്തിണക്കി മനോഹരമായ ഷോര്‍ട്ട് ഫിലിമാക്കി മാറ്റുകയായിരുന്നു.

ഹ്രസ്വചിത്രത്തിലെ മമ്മൂട്ടി അഭിനയിച്ച രംഗം ഷൂട്ട് ചെയ്തത് ദുൽഖർ സൽമാൻ ആണെന്ന് താരത്തോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. മോഹന്‍ലാലിന്റെ ഭാഗം ഷൂട്ട് ചെയ്തത് പ്രണവ് ആണോ എന്നാണ് ഇനി ഉയരുന്ന മറ്റൊരു സംശയം.