25വർഷം മുമ്പ് തിയറ്ററുകളിലെത്തി, ഇപ്പോഴും തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ ചലച്ചിത്രങ്ങളിലൊന്നായി തുടരുന്ന‘മുതൽവൻ’ തമിഴ് സിനിമയുടെ താരചക്രവർത്തി വിജയ് ഉപേക്ഷിച്ച സിനിമയാണെന്ന് എത്രയാളുകൾക്കറിയാം. വിജയ്‌യുടെ ആ ‘നോ’ പിന്നീട് ആക്ഷൻ കിങ് അർജുൻ സർജയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലായി എന്നതു ചരിത്രം.
‘തുള്ളാതെ മനവും തുള്ളും’ എന്ന സൂപ്പർഹിറ്റിലൂടെ, വിജയ് തെന്നിന്ത്യയുടെ ‘അപ്കമിങ് സൂപ്പർസ്റ്റാർ’ എന്ന പദവിയിലേക്ക് ഉയർന്നു വന്ന കാലത്താണ് ‘മുതൽവൻ’ന്റെ കഥയുമായി സംവിധായകൻ ശങ്കർ അദ്ദഹത്തെ സമീപിച്ചത്.
‘ജെന്റിൽമാൻ’, ‘കാതലൻ’, ‘ഇന്ത്യൻ’, ‘ജീൻസ്’ എന്നീ ബ്രഹ്മാണ്ഡ വിജയങ്ങളിലൂടെ ഏതു വമ്പൻ താരവും സംശയലേശമന്യേ ഡേറ്റ് കൊടുക്കാവുന്നത്ര ഉയരത്തിലായിരുന്നു അതിനോടകം ശങ്കറിന്റെ സ്ഥാനം. പക്ഷേ, വിജയ്ക്ക് അത്തരമൊരു പ്ലോട്ടിന്റെ വിജയ സാധ്യതയിൽ സംശയമുണ്ടായി. മാത്രമല്ല, തന്റെ സേഫ് സോൺ ആയിരുന്ന റൊമാന്റിക് – കോമഡി ഴോണറിലുള്ള കഥകൾക്കും അത്തരം കഥാപാത്രങ്ങൾക്കുമാണ് ആ ഘട്ടത്തിൽ അദ്ദേഹം കൂടുതൽ താൽപര്യം കൊടുത്തിരുന്നത്. പാട്ടും ഡാൻസും പ്രേമവും ഫൈറ്റും കോമഡിയുമൊക്കെയുള്ള മസാല പാക്കേജിലും സ്ഥിരം ടെംപ്ലേറ്റിലും തന്റെ ചിത്രങ്ങൾ നിലയുറപ്പിച്ചിരുന്ന ഘട്ടത്തിൽ, ‘മുതൽവൻ’ പോലെ ഒരു പരീക്ഷണത്തിൽ വിജയ്ക്ക് അവിശ്വാസം തോന്നിയത് സ്വാഭാവികം. വിജയ് നോ പറഞ്ഞതോടെ ഷങ്കർ കൂടുതലൊന്നും ചിന്തിച്ചില്ല, അർജുനെ നായകനാക്കി സിനിമ ഒരുക്കി. ശങ്കറിന്റെ ആദ്യ സിനിമ ‘ജെന്റിൽമാൻ’ലെ നായകനും അർജുനാണല്ലോ. അതിലും ശരത് കുമാറിന്റെ നോ ആണ് ഷങ്കറിനെ അർജുനിലേക്കെത്തിച്ചതെന്നതാണ് കൗ തുകം.
1999 നവംബർ 7 നാണ് ‘മുതൽവൻ’ തിയറ്ററുകളിലെത്തിയത്. എൻ. പുഗഴേന്തിയായി അർജുനും ഒപ്പം രഘുവരനും മനീഷ കൊയ്‌രാളയും ലൈലയുമൊക്കെ നിറഞ്ഞാടിയ ഈ പൊളിറ്റിക്കൽ ത്രില്ലർ എല്ലാ മുൻവിധികളെയും തച്ചുടച്ച് സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയി. എ.ആർ. റഹ്മാൻ ഒരുക്കിയ ഗാനങ്ങളും തരംഗമായി. ‘ജെന്റിൽമാൻ’ന്റെ കാര്യത്തിലെന്ന പോലെ ‘മുതൽവന്‍’നും അർജുന്‍ എന്ന താരത്തിനൊരു പുനർജൻമമായിരുന്നു.
‘മുതൽവൻ’ കൂടി വൻവിജയമായതോടെ ഷങ്കറിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സംവിധായകരിലൊരാളായി അദ്ദേഹം. പക്ഷേ, പിന്നീടൊരിക്കലും തന്റെ ഒരു സിനിമയിലും ഷങ്കർ അർജുനെ നായകനാക്കിയില്ല. പതിയെപ്പതിയെ നായകനിരയ്ക്ക് പുറത്തായ അർജുൻ ഇപ്പോൾ വില്ലൻ വേഷങ്ങളിലും ക്യാരക്ടർ റോളുകളിലുമാണ് സജീവം.
അന്യനും ശിവാജിയും യെന്തിരനും പോലെ പാൻ ഇന്ത്യൻ ഹിറ്റുകളുമായി ഷങ്കർ കളം നിറഞ്ഞപ്പോഴേക്കും വിജയ് തെന്നിന്ത്യയിലെ ഏറ്റവും വലിയ താരമായിക്കഴിഞ്ഞിരുന്നു. സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വന്നു, എന്നാകും വിജയ്–ഷങ്കർ ടീമിന്റെ ഒരു സിനിമ സംഭവിക്കുക ? ആ ചോദ്യത്തിനുള്ള മറുപടിയായിരുന്നു 2012 ൽ തിയറ്ററുകളിലെത്തിയ ‘നൻപൻ’. അമീർ ഖാൻ നായകനായ ‘ത്രീ ഇഡിയറ്റ്സ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആയ ‘നൻപൻ’ പതിവ് ഷങ്കർ ചിത്രങ്ങളുടെ ഭാവങ്ങളൊന്നുമില്ലാത്ത ഒരു ‘പാവം സിനിമ’യായിരുന്നു. അപ്പോഴേക്കും രക്ഷകൻ റോളുകളിലേക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട വിജയ്ക്കും ഒരു പുതുമയായിരുന്നു ‘നൻപനി’ലെ കഥാപാത്രം. ചിത്രം മികച്ച വിജയവും നേടി. പക്ഷേ, ആരാധകരുടെ ആകാംക്ഷ അവസാനിച്ചിട്ടില്ല. അവർ ആവശ്യം ആവർത്തിക്കുകയാണ്, ഷങ്കർ–വിജയ് കോംപോയിൽ ഒരു ബ്രഹ്മാണ്ഡ സിനിമ വേണം....സാധ്യത കുറവെങ്കിലും കാത്തിരിക്കാം ആ അൽഭുതത്തിനായി.