Thursday 21 February 2019 02:29 PM IST : By സ്വന്തം ലേഖകൻ

‘നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകൻ വരും’! വൈറലായി നാദിർഷായുടെ കുറിപ്പ്

nadirsha-new

‘കുമ്പളങ്ങി നൈറ്റ്സ്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമ്പോൾ കൈയടി നേടുന്നതിലൊരാള്‍ ഷെയ്ൻ നിഗമാണ്. യുവനടൻമാരില്‍ പ്രതിഭകൊണ്ടും ജനപ്രീതി കൊണ്ടും ഒന്നാം നിരയിലെത്തിയ ഷെയ്ൻ ചുരുങ്ങിയ കാലത്തിനിടെയാണ് മുഖ്യധാരയിലെ സുപ്രധാന ഘടകമായത്.

മലയാളം മിമിക്രി വേദിയിലെ സൂപ്പർസ്റ്റാറായിരുന്ന അബിയുടെ മകന്‍, അച്ഛനു നേടാനാകാതെ പോയ സിനിമാ വിജയങ്ങളാണ് സ്വന്തമാക്കുന്നതെന്നതും ആ വിജയത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. അകാലത്തിൽ വിട്ടു പിരിഞ്ഞ അബി, മിമിക്രി വേദികളിൽ തിളക്കമുള്ള താരമായിരുന്നെങ്കിലും സിനിമയിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല.

ഇപ്പോഴിതാ അബിയുടെ പ്രിയ സുഹൃത്ത് നാദിർഷാ, ‘കുമ്പളങ്ങി നൈറ്റ്സ്’ കണ്ട് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

‘കുറേനാൾ മുൻപ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാൻ അബിയോട് പറഞ്ഞു, നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകൻ വരും . അത് ഇനിയുള്ള നാളുകളിൽ യാഥാർഥ്യമാക്കുന്ന പ്രകടനമാണ് ‘കുമ്പളങ്ങി നൈറ്റ്സ് ‘ എന്ന സിനിമയിൽ ഷെയ്ന്റേത്.
അതിഗംഭീരമായി മോനെ...’ നാദിർഷ ഫെയ്സ്ബുക്കിൽ കുറിച്ചു.

ചിത്രത്തില്‍ ബോബി എന്ന കഥാപാത്രമാണ് ഷെയ്ന്. മധു.സി.നാരായണനാണ് സംവിധായകൻ.