Tuesday 28 January 2020 12:18 PM IST : By സ്വന്തം ലേഖകൻ

‘പ്രിയപ്പെട്ട ബ്രഹ്മദത്തൻ തിരുമേനിക്ക് നകുലൻ (ബിടെക്ക്–പഴയത്) എഴുതുന്നത്’! രസികൻ കത്ത് വായിക്കാം: വൈറൽ കുറിപ്പ്

nakulan

മലയാള സിനിമയിലെ ക്ലാസിക് ഹിറ്റ് ആണ് ‘മണിച്ചിത്രത്താഴ്’. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിൽ, മോഹൻലാലിന്റെ ഡോക്ടർ സണ്ണിയും സുരേഷ് ഗോപിയുടെ നകുലനും ശോഭനയുടെ ഗംഗയും തിലകന്റെ ബ്രഹ്മദത്തൻ തിരുമേനിയുമൊക്കെ ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളായിരുന്നു. ഇപ്പോഴിതാ, ചിത്രം റിലീസായി പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, നകുലൻ ബ്രഹ്മദത്തൻ തിരുമേനിക്ക് എഴുതുന്നതെന്ന തരത്തിൽ ഒരു രസികൻ കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ശരത് ശശിയാണ് മൂവി സ്ട്രീറ്റിൽ ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ശരത് ശശി എഴുതിയ കുറിപ്പ് വായിക്കാം:

എത്രയും പ്രിയപ്പെട്ട ബ്രഹ്മദത്തൻ തിരുമേനിക്ക്,

എങ്ങിനെ തുടങ്ങണം, എവിടെ തുടങ്ങണം എന്നറിയില്ല. ആമുഖങ്ങൾ ഇല്ലാതെ എന്നെ പരിചയപ്പെടുത്തട്ടെ. ഞാൻ നകുലൻ. തിരുമേനിയുടെ പഴയൊരു ക്ലയന്റ് ആണ്. വല്ലപ്പോഴും ഉത്സവത്തിന് പോകുകയും നിര്ബന്ധിച്ചാൽ മാത്രം രാഹുകാലം നോക്കുകയും ചെയ്തു വന്നിരുന്ന ഒരു യുക്തിവാദി നാട്ടിലെ പോപ്പുലർ മന്ത്രവാദിയ്ക്ക് കത്തെഴുതേണ്ടി വരുമ്പോൾ ഉള്ള ജാള്യത ഞാൻ പറയാതെ തന്നെ താങ്കൾക്ക് അറിയാമല്ലോ. അഭിപ്രായം ഇരുമ്പ് ഉലക്കയല്ല എന്നു വിശ്വസിക്കുന്നതിനാൽ ഞാൻ അത് സൗകര്യപൂർവം വിസ്മരിക്കാൻ ആഗ്രഹിക്കുന്നു.

ബാക്ക്ഗ്രൗണ്ട് പറയുകയാണെങ്കിൽ, എല്ലാ ആണുങ്ങളെയും പോലെ എനിക്കും ഉണ്ടായിരുന്നു ഒരു നഷ്ടപ്രണയം. മെലിഞ്ഞു നീണ്ട മുട്ടോളം മുടിയുള്ള ആ പ്രണയത്തിന്റെ പേരായിരുന്നു ശ്രീദേവി. ഉണ്ണിത്താൻ ചിറ്റപ്പനും, അമ്മയും ചേർന്ന് പാലം വലിച്ചപ്പോൾ വേദനയോടെ എനിക്ക് അവളെ മറക്കേണ്ടി വന്നു. അവളെ മറക്കാനാണ് ഞാൻ എൻജിനീയറിങ് സര്ടിഫിക്കറ്റുമായി കൽക്കട്ടയ്ക്ക് വണ്ടി കയറിയത്.

കൽക്കട്ടയിൽ ചെല്ലുമ്പോൾ ഒരു വലിയ പണക്കാരന്റെ ജീവൻ രക്ഷിക്കാൻ അവസരം കിട്ടുകയും, ആത്മാർത്ഥത കണ്ട് അയാൾ മകളെ കല്യാണം കഴിപ്പിച്ചു തന്ന് അയാളുടെ ബിസിനസ് സാമ്രാജ്യം എന്നെ ഏൽപ്പിക്കുകയും ചെയ്യും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല തിരുമേനി. ആദിത്യ ദശയായത് കൊണ്ടാണെന്ന് തോന്നുന്നു വർഷങ്ങൾ അലഞ്ഞാണ് ഒരു ജോലി കിട്ടിയത്.

അലച്ചിലിന്റെ ഇടയിലും ശ്രീദേവിയെ എനിക്ക് മറക്കാൻ കഴിഞ്ഞില്ല. ഒരു പ്രണയം മറക്കാൻ, നഷ്ടപ്പെട്ടയാളുടെ സ്ഥലത്തേക്ക് വേറൊരാൾ കടന്നു വരണം, എന്നു പറഞ്ഞു എനിക്ക് കല്യാണം റെക്കമണ്ട് ചെയ്തത് എന്റെ ഫ്രണ്ട് റിയ ആയിരുന്നു.

അങ്ങനെയാണ് ഞാൻ ഗംഗയെ കണ്ടുമുട്ടുന്നത്. നാട്ടിലെ പോലെ അവിടെ ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ നടത്തുന്ന അമ്മാവൻ ഏജൻസികൾ ഒന്നുമല്ലല്ലോ. അതു കൊണ്ട് നല്ല പോലെ ഉണ്ണിയപ്പം ഉണ്ടാക്കും, ഇടയ്ക്ക് കവിത എഴുതും എന്നൊക്കെ അച്ഛനും അമ്മയും ഗംഗയുടെ റെസ്യൂമിൽ വെച്ചത് വായിച്ചപ്പോൾ പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല. അല്ല, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഞാനും അത്യാവശ്യക്കാരൻ ആയിരുന്നു.

കല്യാണം കഴിഞ്ഞുള്ള ദിവസങ്ങൾ, ആദ്യത്തെ ഹണിമൂൻ ആയതിന്റെ പേരിൽ കളർഫുൾ ആയിരുന്നെങ്കിലും, അത് അധികം കാലം നീണ്ടു നിന്നില്ല. ആണ്മക്കളുടെ കല്യാണം കഴിഞ്ഞാൽ അമ്മായിയമ്മ - മരുമകൾ റിവൽറി എന്ന ക്ളീഷേ നിര്ബന്ധമായതിന്റെ പേരിൽ എന്റെ പൊന്നമ്മച്ചി രണ്ടാഴ്ച കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് പെട്ടിയും കിടക്കയും ആയി കൽക്കട്ടയിൽ എത്തി. കാര്യങ്ങൾ ഞാൻ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല. ഞാൻ ഓഫിസിൽ പോയാൽ അപ്പോൾ തുടങ്ങും അമ്മച്ചി ഗംഗയ്ക്ക് കഥ പറഞ്ഞു കൊടുക്കാൻ. പറഞ്ഞു കൊടുക്കുന്ന കഥകൾ ആകട്ടെ ഫുൾ മാടമ്പള്ളിയിലേ പ്രേതകഥകൾ. ഇതിനും മാത്രം കഥകൾ എവിടുന്നാണോ എന്തോ? കുട്ടിക്കാലത്ത് തേങ്ങാ ചിരണ്ടുന്ന നേരത്ത് ഞാൻ ഒരു കഥ ചോദിച്ചപ്പോൾ ചിരവയ്ക്ക് എന്നെ അടിച്ച അതേ അമ്മച്ചിയാണ് ഇതെന്ന് ഓർക്കണം.

അങ്ങനെ കഥ കേട്ട് കേട്ട്, അവസാനം ഗംഗ മാടമ്പള്ളി കാണണം, നാട്ടിൽ പോണം എന്ന് പറഞ്ഞു ഒറ്റക്കാലിൽ ഒരു നിൽപ്പ്. അതിന്റെ കാരണക്കാരി അമ്മച്ചി ആകട്ടെ നാട്ടിലെ ക്ളൈമറ്റ് പിടിക്കൂല്ല എന്ന് പറഞ്ഞു കൽക്കട്ടയിൽ തന്നെ നിന്ന്. അങ്ങനെ കിട്ടിയ ട്രെയിനിന് ടിക്കറ്റ് ബുക്ക് ചെയ്ത് ഞങ്ങൾ നാട്ടിൽ എത്തി.

നാട്ടിൽ വന്നിട്ടുള്ള കഥയെല്ലാം തിരുമേനിക്ക് അറിയാല്ലോ. ആത്മാർത്ഥ സുഹൃത്ത് എന്ന് പറഞ്ഞു കൊണ്ടു നടന്ന ആ സണ്ണി ചെയതതും പറഞ്ഞതും ഒക്കെ ഞാൻ പിന്നീടാണ് അറിഞ്ഞത്. ഗംഗയ്ക്ക് സൈക്കിക്ക് ഡിസോർഡർ ഉണ്ടായപ്പോൾ,

"ആ കുട്ടിയുടെ കൂടെ അയാൾ ഇപ്പോഴും ജീവിക്കുന്നു? അയാളെ എല്ലാം അറിയിക്കൂ, അയാൾ എങ്കിലും രക്ഷപെടട്ടെ."

എന്ന് പറഞ്ഞു എന്നോട് ഒരല്പം കരുണ കാണിക്കാൻ അന്ന് തിരുമേനിയെ ഉണ്ടായിരുന്നുള്ളൂ. സണ്ണി വിജയിക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത ഒരു പരിപാടിയാണ് എന്റെ പുറത്ത് പരീക്ഷിച്ചത് എന്ന് ഞാൻ വളരെ വൈകിയാണ് മനസിലാക്കിയത്. ഒരു ഫ്ലോയ്ക്ക് വേണ്ടി, "എന്നെ അവൾ കൊല്ലുന്നെങ്കിൽ കൊല്ലട്ടെടാ" എന്ന് ഞാൻ പറഞ്ഞത് അവൻ സീരിയസ് ആക്കിയെടുത്തു എന്നെ കൊല്ലാൻ വിട്ടു കൊടുത്തു. ഒരു ട്രയൽ റണ് പോലും നടത്താതെയാണ് അന്നത്തെ പലക പരിപാടി നടത്തിയത്. എന്റെ വെയിറ്റ് കൊണ്ട് പലക തിരിഞ്ഞില്ലായിരുന്നെകിൽ എന്താകുമായിരുന്നു അന്നത്തെ സ്ഥിതി? പൊറോട്ട പോലെയല്ലേ ആ പ്രതിമ അന്നവൾ വലിച്ചു കീറിയത്?

നൈസ് ആയിട്ട് സണ്ണി മാറി നിന്നിട്ട് അന്ന് പണി മുഴുവൻ തിരുമേനിയെ ഏൽപ്പിച്ചു. അന്ന് എന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി തിരുമേനി ഗംഗയുടെ കണ്ണിൽ പൊടിയിട്ടത് ഒന്നും ഈ ആയുസ്സിൽ എനിക്ക് മറക്കാൻ കഴിയില്ല.

തിരുമേനി ഗംഗയുടെ രോഗത്തെ കുറിച്ചു

"ദിസ് ഈസ് ഇൻക്യൂറബിൾ"

എന്നു പറഞ്ഞത് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയ സംശയങ്ങളാണ്. "വേരോടെ രോഗത്തെ പിഴുതി മാറ്റി" എന്നൊക്കെ പറയുന്നത് ഉള്ളതാണോ? അല്ല അന്യൻ സിനിമയിൽ ഇമ്മാതിരി മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഉള്ള അമ്പി ചികിത്സ കഴിഞ്ഞിട്ടും മരംകേറ്റം മറന്നിട്ടില്ല എന്നാണ് ക്ളൈമാക്സിൽ കാണുന്നത്. ഈ ആണിയിൽ തറച്ച ബാധകളും, പെട്ടിയിൽ അടച്ച ബാധകളും ഒക്കെ കുറച്ചു നാൾ കഴിയുമ്പോൾ, അല്ലെങ്കിൽ രണ്ടാം പാർട്ട് ഇറങ്ങാറാകുമ്പോൾ തിരിച്ചു വരുന്നത് സിനിമയിൽ കണ്ടിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും സാധ്യതകൾ ഗംഗയുടെ കേസിൽ ഉണ്ടോ?

ഞങ്ങൾക്ക് സാധാരണ രീതിയിൽ ഒരു കുടുംബജീവിതം സാധ്യമാണോ? ഇനി ഭാവിയിൽ ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായാൽ അവർക്ക് ഈ രോഗം ഉണ്ടാകാൻ സാധ്യതയുണ്ടോ?

എന്റെ ഉറക്കത്തിന്റെ ആഴം അളക്കുകയും, ഞാൻ എപ്പോൾ ഉറങ്ങും, ഉണരും എന്നൊക്കെ കൃത്യമായി അറിയുകയും എന്റെ ഒപ്പം നടന്ന് എല്ലാം എറിഞ്ഞു പൊട്ടിക്കുകയും, വസ്ത്രത്തിന് തീ പിടിപ്പിക്കയും ചെയ്തു എന്നൊക്കെ പറഞ്ഞ ഗംഗയെ വിശ്വസിച്ചു ഞാൻ എങ്ങനെ കിടന്ന് ഉറങ്ങും? കൽക്കട്ടയിൽ എന്ത് പൊട്ടിയാലും എനിക്ക് ഇപ്പോൾ പേടിയാണ്, ഗംഗ പൊട്ടിച്ചതാണോ എന്നാണ് എന്റെ സംശയം. എവിടെ തീ പിടിച്ചാലും പോലീസ് ഗംഗയെ അന്വേഷിച്ചു വീട്ടിൽ വരുമോ എന്നാണ് പേടി. ഇങ്ങനെ ഇത്ര എത്ര കാലം മുന്നോട്ടു പോകാൻ കഴിയും എന്നറിയില്ല.

ഇനി എന്റെ മുന്നിലുള്ള ഒരേ ഒരാശ്രയം തിരുമേനിയാണ്. ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ സഹായിച്ചിട്ടുള്ള തിരുമേനി,എന്റെ എല്ലാ സംശയങ്ങൾക്കും വിശദമായി മറുപടി നൽകി എന്നെ അനുഗ്രഹിക്കും എന്ന പ്രതീക്ഷയോടെ കത്തു ചുരുക്കുന്നു. എന്ന്,

നകുലൻ
ബിടെക്ക് (പഴയത്)
ഓപ്പോസിറ്റ് ഈഡൻ ഗാര്ഡന്സ്
കൽക്കട്ട.