Monday 12 November 2018 04:14 PM IST : By സ്വന്തം ലേഖകൻ

‘‘ഉപാധികളില്ലാതെ അമ്മയുടെ സ്നേഹം’’; നവ്യയുടെ ‘ചിന്നം ചിരു കിളിയേ’ ട്രെയിലറെത്തി

navya-new

മലയാളിയുടെ സ്വന്തം വീട്ടിലെ കുട്ടിയാണ് നവ്യ നായർ. നൃത്ത വേദിയിൽ നിന്ന് സിനിമയിലെത്തി, താരനായികയായി വളർന്ന നവ്യ , വിവാഹത്തോടെ അഭിനയ രംഗത്തു നിന്ന് ചെറിയ ഇടവേളയെടുത്തു. അടുത്തിടെ വീണ്ടും നൃത്ത വേദികളിലൂടെയും ടെലിവിഷൻ പരിപാടിയിലൂടെയും പ്രേക്ഷകർക്ക് മുന്നിലേക്ക് മടങ്ങി വന്ന നവ്യയുടെ ആദ്യ ഡാൻസ് പെർഫോമൻസ് വിഡിയോ വരുന്ന പതിനഞ്ചാം തീയതി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ റിലീസ് ചെയ്യും.

‘ചിന്നം ചിരു കിളിയേ’ എന്ന ഈ 9 മിനിറ്റ് ഭരതനാട്യ – അഭിനയ ശിൽപ്പം കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയുടെ ഉപാധികളില്ലാത്ത സ്നേഹമാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. കുട്ടികളെ സംരക്ഷിക്കണ്ടതിനെക്കുറിച്ച് സമൂഹത്തിനു നൽകുന്ന ഉത്ബോധനമാണ് വിഡിയോയുടെ ലക്ഷ്യം.

അവതരണത്തിനൊപ്പം സംവിധാനവും നവ്യ തന്നെ. തമിഴിലെ നവോത്ഥാന നായകനും മഹാകവിയുമായ ഭാരതിയാരുടെ ‘ചിന്നം ചിരു കിളിയേ’ എന്ന കവിതയിൽ നിന്നാണ് ആവിഷ്ക്കാരത്തിനുള്ള ആശയം കണ്ടെത്തിയത്. മനു മാസ്റ്ററാണ് നൃത്ത സംവിധാനം. നിർമ്മാണം ജിമ്മി റെയ്നോൾഡ്സ്.

വിഡിയോയുടെ ട്രെയിലറിന് ഇതിനോടകം വലിയ സ്വീകരണം ലഭിച്ചു കഴിഞ്ഞു.