Wednesday 19 September 2018 09:59 AM IST : By സ്വന്തം ലേഖകൻ

‘നയൻസ് എനിക്ക് മാഡമായിരുന്നു’; പ്രണയം മൊട്ടിട്ട കഥ പറഞ്ഞ് വിഘ്നേഷ് ശിവൻ

nayan

തമിഴകത്തിന്റെ പ്രിയപ്പെട്ട ഇണക്കുരുവികളാണ് നയൻ താരയും സംവിധായകൻ വിഘ്നേഷ് ശിവനും. വിഘ്നേഷ് ശിവൻ ചിത്രം ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിൽ നയൻസ് നായികയായെത്തിയതോടെയാണ് ആ പ്രണയം മൊട്ടിട്ടത്. അതിനു ശേഷം പ്രണയം പറയാതെ പറഞ്ഞ് ഇരുവരും എത്രയോ തവണ വാർത്തകളിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞു നിന്നിരിക്കുന്നു.

ഇപ്പോഴിതാ വെള്ളിത്തിരയിലേയും ജീവിതത്തിലേയും തന്റെ ഇഷ്ടനായികയെ വാനോളം പുകഴ്ത്തി വിഘ്നേഷ് രംഗത്തെത്തിയിരിക്കുകയാണ്. ജീവിതത്തിൽ ഏറെ ബഹുമാനിക്കുന്ന വ്യക്തികളിൽ ഒരാളാണ് നയൻതാരയെന്ന് സംവിധായകൻ വിഘ്നേഷ് തുറന്നു സമ്മതിക്കുന്നു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിഘ്നേഷിന്റെ വെളിപ്പെടുത്തൽ.

''ഞാനൊരു വിജയിച്ച സംവിധായകനല്ല. നാനും റൗഡി താൻ ചെയ്യുന്നതുവരെ പറയാൻ മാത്രം ഹിറ്റുകള്‍ ഒന്നും തന്നെ എനിക്കില്ല. മാഡം എന്നായിരുന്നു ഞാൻ നയൻതാരയെ വിളിച്ചിരുന്നത്. അവർ വലിയ ആർട്ടിസ്റ്റാണ്. അതുകൊണ്ടു തന്നെ അഭിനയത്തെ സംബന്ധിച്ച് നിർദേശങ്ങൾ നൽകാൻ എനിക്ക് ഭയമായിരുന്നു. അവർ എന്തു കരുതും എന്ന ചിന്തയായിരുന്നു മനസ്സു നിറയെ.

''ഒരിക്കൽ നയൻതാര എന്നോട് പറഞ്ഞു, നീ സംവിധായകനാണ്, ഇങ്ങനെ ചിന്തിക്കരുത്. നീ തലകീഴായി നിൽക്കാൻ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയിൽ ഞാനത് ചെയ്തേ പറ്റൂ. അതെന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഞാൻ അവരെ വല്ലാതെ ബഹുമാനിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിലും, ഒരു വ്യക്തിയെന്ന നിലയിലും'', വിഘ്നേഷ് പറയുന്നു.

'' നയൻതാര എന്താണെന്ന് അടുത്തിടപഴകുന്നവർക്ക് മാത്രമേ മനസ്സിലാകൂ. വീട്ടിൽ അച്ഛൻ, അമ്മ, സഹോദരൻ– അവരൊക്കെയാണ് അവരുടെ ലോകം. അടുത്താൽ മനസ്സിലാകും, ഒരു സാധാരണ പെൺകുട്ടിയാണവർ.  മുൻകാല പ്രണയങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ച് ശല്ല്യപ്പെടുത്തുന്നവരുണ്ട്. അതൊന്നും കാര്യമാക്കാതെ ജീവിക്കാൻ അവർ പഠിച്ചു കഴിഞ്ഞു. ഇതെല്ലാം കാണുമ്പോൾ ബഹുമാനം കൂടിയിട്ടേയുള്ളവെന്നും വിഘ്നേഷ് പറയുന്നു.

വിവാഹം എന്ന് എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ;

അറിയില്ല, ഒരിക്കൽ നടക്കും. എല്ലാവരെയും മുൻകൂട്ടി അറിയിക്കും, വിഘ്നേഷ് പറഞ്ഞു.

അടുത്തിടെ അമൃത്സറിലെ സുവർണക്ഷേത്രം സന്ദർശിച്ച വിഘ്നേഷിന്റെയും നയൻതാരയുടെയും ചിത്രങ്ങൾ വൈറലായിരുന്നു.

വിഘ്നേഷിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു നാനും റൗഡി താൻ. ചിത്രത്തിനുശേഷമാണ് നയൻതാര സൂപ്പർ താരപദവിയിലേക്ക് ഉയരുന്നത്.