Tuesday 16 July 2019 04:37 PM IST : By സ്വന്തം ലേഖകൻ

‘സ്റ്റൈലിൽ ഉള്ള നിൽപ് കണ്ടപ്പോ, ഞാൻ അങ്ങോട്ടു പോയി ചോദിച്ചു ഒരു ഫോട്ടോ എടുത്തോട്ടേന്ന്’! താരത്തെ ആരാധകനാക്കിയ പൊലീസ് താരം

neeraj-new

സാധാരണ എല്ലാവരും സിനിമാ താരങ്ങൾക്കൊപ്പം നിന്നു സെൽഫി എടുക്കുകയും അതു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുമാണ് പതിവ്. ഇപ്പോഴിതാ, ഒരു സിനിമാ താരം ഒരു പൊലീസ് ഉദ്യോഗസ്ഥനൊപ്പം നിന്ന് സെൽഫിയെടുക്കുകയും അത് ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

നീരജ് മാധവ് ആണ് ആ താരം. തൃക്കാക്കര സ്റ്റേഷനിലെ എസ്ഐ ആയ മനീഷ് പൗലോസാണ് പൊലീസുകാരൻ.

‘സിനിമ നടനല്ല, ഒറിജിനൽ പോലീസാ! Meet Mr. Manesh Paulose, Sub inspector, Kerala police. ജീപ്പും ചാരി സ്റ്റൈലിൽ ഉള്ള ആ നിൽപ് കണ്ടപ്പോ, ഞാൻ അങ്ങോട്ടു പോയി ചോദിച്ചു ഒരു ഫോട്ടോ എടുത്തോട്ടേന്ന്. സംഗതി കളറല്ലേ’.– ചിത്രം പങ്കുവച്ച് നീരജ് കുറിച്ചതിങ്ങനെ.

ഒരു പരിപാടി കഴിഞ്ഞ്, കൂടി നിന്ന ആരാധകർക്കൊപ്പം സെൽഫിയുമെടുത്ത് മടങ്ങുമ്പോഴാണ് സമീപത്ത് ജീപ്പിലിരുന്ന മനീഷിനെ നീരജ് ശ്രദ്ധിച്ചത്.

മാസ് ലുക്കിൽ സിനിമയിലെ പൊലീസ് നായകൻമാരെ പോലെ നിന്ന മനീഷിനോട് നീരജ് സെൽഫി ചോദിച്ചപ്പോൾ, ആദ്യമൊന്ന് അമ്പരന്നെങ്കിലും സെൽഫിക്ക് മനീഷ് പോസ് ചെയ്തു.

മനീഷ് മുൻപ് മലപ്പുറം ചങ്ങനംകുളം സ്റ്റേഷനിലായിരുന്നു. ആസിഫ് അലി നായകനാകുന്ന ചിത്രമടക്കം രണ്ടു സിനിമകളിലേക്ക് അവസരം ലഭിച്ചെങ്കിലും ജോലിത്തിരക്കു കാരണം സിനിമാ മോഹം മാറ്റിവയ്ക്കേണ്ടി വന്നു. സിങ്കം ലുക്കിൽ ഇപ്പോൾ സൈബർ ലോകത്തിന്റെ മനം കവരുകയാണ് മനീഷ്.