Tuesday 21 September 2021 03:21 PM IST : By സ്വന്തം ലേഖകൻ

ഉടൻ ഒരു കുഞ്ഞ് വേണ്ട, അക്കാര്യം ഇപ്പോൾ ചിന്തിക്കുന്നില്ല, പക്ഷേ... സസ്പെൻസ് ബാക്കിയാക്കി നേഹ കക്കർ

neha-kakkar

ബി ടൗൺ ആരാധകർക്കിടയിൽ മാത്രമല്ല, മലയാളക്കരയിലും നിറയെ ആരാധകരുള്ള ഗായികയാണ് നേഹ കക്കർ. ‘ഓ സാകി സാകി, ദിൽബർ, ദിൽ കോ കരാർ ആയ’ തുടങ്ങി അടുത്തിടെ ഇറങ്ങി ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഗാനങ്ങൾക്കു പിന്നിൽ ഈ അനുഗ്രഹീത ശബ്ദമാണുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറസാന്നിദ്ധ്യമായി നിൽക്കുന്ന നേഹ ആദ്യത്തെ കൺമണിക്കു വേണ്ടി തയ്യാറെടുക്കുകയാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രചരണങ്ങളേയും അഭ്യൂഹങ്ങളേയും തിരുത്തി നേഹ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

തനിക്കും ഭർത്താവ് രോഹൻപ്രീത് സിങ്ങിനും ഉടൻ ഒരു കുഞ്ഞു വേണ്ടെന്നും തങ്ങൾ അതിനെക്കുറിച്ചു ചിന്തിക്കുന്നു പോലുമില്ലെന്നും നേഹ പൊതുവേദിയിൽ വെളിപ്പെടുത്തി. സഹോദരൻ ടോണി കക്കറിനും ഗായകൻ യോ യോ ഹണി സിങ്ങിനും ഒപ്പം ഒരു ചാനൽ റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു നേഹയുടെ തുറന്നു പറച്ചിൽ.

ഷോയിലെ മ‍ത്സരാർഥിയായ ഗുഞ്ജന്റെ പ്രകടനം ഇഷ്ടമായ ഗായിക, തനിക്കു ഗുഞ്ജനെപ്പോലെയൊരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹമുണ്ടെന്നു പറഞ്ഞിരുന്നു. എന്നാൽ, ഉടൻ കുഞ്ഞു വേണ്ടെന്നും എപ്പോഴെങ്കിലും അമ്മയാകാന്‍ ഒരുങ്ങിയാൽ അപ്പോഴത്തെ കാര്യമാണ് ഉദ്ദേശിച്ചതെന്നും നേഹ വ്യക്തമാക്കുകയും ചെയ്തു. നേഹ കക്കർ ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾക്കിടെ, ഈ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. 

കഴിഞ്ഞ ഒക്ടോബറിലാണ് നേഹ കക്കറും രോഹൻപ്രീത് സിങ്ങും വിവാഹിതരായത്. തുടർന്ന് ഡിസംബറിൽ കുഞ്ഞുവയർ താങ്ങിപ്പിടിച്ച് ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രം നേഹ പോസ്റ്റ് ചെയ്തു. ഇതോടെ നേഹ കക്കർ ഗർഭിണിയാണെന്ന വാർത്തകളും പ്രചരിച്ചു. എന്നാൽ, തന്റെ പുതിയ പാട്ടിന്റെ പ്രമോഷനു വേണ്ടിയെടുത്ത ചിത്രമാണതെന്നു നേഹ തന്നെ വെളിപ്പെടുത്തി. അടുത്തിടെ റിയാലിറ്റി ഷോയിൽ വയർ മറച്ചു പിടിച്ചെത്തിയ നേഹയെ കണ്ട ആരാധകർ, ഗായിക ഗർഭിണി ആണോ എന്ന സംശയമുന്നയിച്ചിരുന്നു. നേഹയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ എല്ലാ സംശയങ്ങൾക്കും വിരാമമിട്ടിരിക്കുകയാണ്. 

ഒരു സംഗീത ആൽബത്തിന്റെ പ്രവർത്തനങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും പിന്നീട് പ്രണയിച്ചു വിവാഹിതരാവുകയും ചെയ്തവരാണ് നേഹ കക്കറും രോഹന്‍പ്രീത് സിങ്ങും.