Tuesday 29 September 2020 03:53 PM IST : By സ്വന്തം ലേഖകൻ

‘ബന്‍സ് ലോറി പാലത്തിനു മുകളിലൂടെ ഓടിച്ചു; ആ ഉറപ്പാണ് ഓരോ കരാറുകാരനും ജനങ്ങൾക്ക് നൽകേണ്ടത്’: യഥാര്‍ഥത്തിൽ പാലാരിവട്ടം പാലം പോലെയല്ല ‘പഞ്ചവടിപ്പാലം’

panjavadippalam75dtccfytfyd

അന്നുമിന്നും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് 1984 സെപ്റ്റംബർ 28 നു റിലീസായ ‘പഞ്ചവടിപ്പാലം’. മലയാള സിനിമാ ചരിത്രത്തിലെ ലക്ഷണമൊത്ത ആക്ഷേപഹാസ്യ സിനിമയായി ‘പഞ്ചവടിപ്പാലം’ അറിയപ്പെടുന്നു. പഞ്ചവടിപ്പാലത്തെ കൊച്ചിയിലെ പാലാരിവട്ടം പാലവുമായി ഉപമിക്കുകയാണ് സോഷ്യൽ മീഡിയ. ‘പഞ്ചവടിപ്പാലം’ സിനിമ റിലീസ്‌ ചെയ്‌തതും പാലാരിവട്ടം പാലം പൊളിക്കാൻ തുടങ്ങിയതും ഒരേ ദിവസമാണെന്നതും പ്രത്യേകതയാണ്. 2020 സെപ്‌തംബർ 28 നാണ്‌ പാലാരിവട്ടം പാലം പൊളിക്കാൻ തുടങ്ങിയത്. സിനിമയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

മനോജ് കുമാർ പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഷൂട്ടിങ്ങിനായി നിര്‍മിച്ച പഞ്ചവടിപ്പാലം പൊളിക്കാനുണ്ടാക്കിയതാണ്. കോട്ടയം കവണാറ്റുകരയിലെ ഈ തടിപ്പാലത്തില്‍ കയറാന്‍ ഷൂട്ടിങ്ങ് ക്രൂവിനുപോലും പേടിയായിരുന്നു. പണം മുടക്കി നേരിട്ട് മേല്‍നോട്ടം നടത്തിയ നിര്‍മാതാവ് ഗാന്ധിമതി ബാലന് അതിന്റെ ഉറപ്പില്‍ സംശയമേയില്ലായിരുന്നു. കലാ സംവിധാകനായിരുന്ന സുന്ദരന്റെ എഞ്ചിനീയറിങ്ങ് മികവും അന്നത്തെക്കാലത്ത് 6 ലക്ഷം രൂപ മുടക്കി കൃത്യതയോടെ നിര്‍മിച്ച പാലമാണെന്ന ഉത്തമമായ ബോധ്യവും നിര്‍മിച്ച ഗാന്ധിമതി ബാലന് അറിയാമായിരുന്നു. സിനിമ ഷൂട്ടിങ്ങിന് ഈ പാലത്തില്‍ കയറുന്നതിന് ആ ഉറപ്പ് മാത്രം പോരായിരുന്നു. അതുകൊണ്ട് ഒരു "1210 " ബന്‍സ് ലോറി ബാലന്‍ തന്നെ ആ പാലത്തിനു മുകളിലൂടെ ഓടിച്ചു. അതാണ് നിര്‍മാണം നടത്തിയ ആള്‍ക്ക് കാണിച്ചുകൊടുക്കാനാവുന്ന മാതൃക. ആ ഉറപ്പാണ് ഓരോ കരാറുകാരനും ജനങ്ങൾക്ക് നൽകേണ്ടത്. 

വണ്ടി കേറിയാലൊന്നും ഉറപ്പുപോര അതില്‍ മനുഷ്യന്‍ കേറിയാലേ ഉറപ്പുണ്ടാവൂ എന്ന് എന്‍.എല്‍. ബാലകൃഷ്ണന്‍. ഇരുകരകളിലും കൂടി നിന്നവരുടെ പിന്‍തുണയോടെ എന്‍.എല്‍. ബാലകൃഷ്ണന്‍ പഞ്ചവടിപ്പാലം കടന്നു, നിലയ്ക്കാത്ത കയ്യടി. തുടര്‍ന്ന് ജനങ്ങള്‍ കയറിയിറങ്ങി. 80 തെങ്ങിന്‍ തടികള്‍, പലകകള്‍, ഗാര്‍ഡ്ബോഡുകള്‍ ഒക്കെ ചേര്‍ത്ത് ചേറ്റില്‍ ഉറപ്പിച്ചു പണിത പാലം ബോംബ് വെച്ച് പൊളിക്കണം. ജനം സമ്മതിച്ചില്ല. ഒടുവില്‍ എസ്.എഫ്.ഐ. നേതാവ് സുരേഷ് കുറുപ്പ് ഇടപെട്ട് സമ്മതം വാങ്ങി. 4 ക്യാമറ യൂണിറ്റാണ് പൊളിയ്ക്കുന്ന രംഗം ഒപ്പിയെടുക്കുന്നത്. ഒന്നാമത്തെ യൂണിറ്റ് ‍ഷാജി എന്‍. കരുണ്‍, രണ്ടാമത്തേത് വേണു, മൂന്നും നാലും സണ്ണി ജോസഫും കെ.ജി.ജയനും.

ചിത്രം 36 വർഷം മുൻപ് പുറത്തിറങ്ങിയപ്പോൾ മുതൽ അഴിമതിയുടെ സറ്റയർ ആയി മാറി പഞ്ചവടിപാലം. ഇത് ഭാവിയിലേക്കുള്ള ചുണ്ടുപലകയാണ് എന്ന് സുരേഷ് കുറുപ്പ് പറഞ്ഞത് ഇന്നു മറ്റൊരർത്ഥത്തിൽ ശരിയായി മാറി. ഷൂട്ടിംഗ് കഴിഞ്ഞ് ബോംബ് വച്ച് പൊളിച്ച ഭാഗം കയര്‍ കെട്ടി സുരക്ഷയൊരുക്കി. ജൂണിലെ കടുത്ത മഴയില്‍ ചേറുവന്ന് ഉറച്ചതോടെ തൂണുകള്‍ ഉറച്ചുപോയി. ഉദ്ദേശിച്ചപോലെ പൊളിക്കാന്‍ കഴിഞ്ഞില്ല. പിന്നെ തെങ്ങിന്‍ തടികള്‍ അറുത്ത് മുകളില്‍ നിന്ന് കപ്പികള്‍ ഉപയോഗിച്ച് പൊളിക്കാന്‍ ശ്രമം തുടങ്ങി. ഇതിനിടയില്‍ എറണാകുളത്തു നിന്ന് ബൈക്കില്‍ ചെത്തിവന്ന പിള്ളേര്‍ നല്ല തടിപ്പാലം കണ്ട് ജമ്പിങ്ങ് നടത്തി ആറ്റില്‍ പോയി. നല്ല വെള്ളമുള്ളതുകൊണ്ട് ഒന്നും പറ്റിയില്ല. അതുകൊണ്ട് പൊളിക്കേണ്ടവ പൊളിക്കേണ്ട സമയത്ത് തന്നെ പൊളിക്കണം. ഇല്ലെങ്കില്‍ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.  

Image Courtesy: bharathgopi.com

Tags:
  • Social Media Viral
  • Movies