Saturday 23 March 2019 03:14 PM IST : By സ്വന്തം ലേഖകൻ

‘മൂന്നാം ഭാഗത്തിൽ സൂര്യയെ വിളിക്കണേ...’! വൈശാഖിനോട് പൃഥ്വിയുടെ അഭ്യർത്ഥന

prithvi-new

മലയാളത്തിന്റെ താരചക്രവർത്തിമാരുടെ രണ്ട് ബിഗ്ബജറ്റ് മാസ് ചിത്രങ്ങളാണ് അടുത്തടുത്ത് റിലീസിനൊരുങ്ങുന്നത്. മമ്മൂട്ടി നായകനാകുന്ന ‘മധുരരാജ’യും മോഹൻലാൽ നായകനാകുന്ന ലൂസിഫറും ആരാധകർക്കുള്ള വിരുന്നാകുമെന്നതിൽ തർക്കമില്ല.

കഴിഞ്ഞ ദിവസം മധുരരാജയുടെ സംവിധായകൻ വൈശാഖ് ലൂസിഫറിന്റെ ട്രെയിലർ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ അതിന് നന്ദി പറഞ്ഞിരിക്കുകയാണ് ലൂസിഫറിന്റെ സംവിധായകൻ പൃഥ്വിരാജ്. ഒപ്പം വൈശാഖിനോട് ഒരു അഭ്യർത്ഥനയുമുണ്ട്.

‘ലൂസിഫറി’ന്റെ ട്രെയിലർ ഷെയർ ചെയ്ത വൈശാഖിനോട് നന്ദി പറഞ്ഞ്, വൈശാഖിന്റെ ‘മധുരരാജ’യ്ക്ക് ആശംസകൾ നേർന്ന പൃഥ്വി, “മൂന്നാം ഭാഗത്തിൽ സൂര്യയേയും വിളിക്കണേ…” എന്നാണ് വൈശാഖിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ‘മധുരരാജ’യുടെ ആദ്യഭാഗമായ ‘പോക്കിരിരാജ’യിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് സൂര്യ. മമ്മൂട്ടി അവതരിപ്പിക്കുന്ന രാജയുടെ അനിയൻ വേഷത്തിലായിരുന്നു പൃഥ്വി. എന്നാൽ രണ്ടാം ഭാഗത്തിൽ പൃഥ്വിയില്ല.

‘പോക്കിരിരാജ’ റിലീസായി എട്ടു വര്‍ഷങ്ങൾക്കു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വൈശാഖ് എത്തുന്നത്. ‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്നതും ‘മധുരരാജ’യുടെ ഹൈലൈറ്റാണ്.

അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാർ എന്നിവരാണ് നായികമാർ. ജഗപതി ബാബുവാണ് ചിത്രത്തിലെ പ്രതിനായകൻ. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ് എന്നിങ്ങനെ വന്‍ താരനിരയും ചിത്രത്തിലുണ്ട്. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക.