Friday 22 June 2018 04:35 PM IST : By സ്വന്തം ലേഖകൻ

‘അന്ന് തിരിച്ചറിഞ്ഞു, ഞങ്ങൾ രണ്ടു പേരുടെയും ടേസ്റ്റ് ഒരു പോലെയാണ്’; പൃഥ്വിയെയും സുുപ്രിയയെയും ഒന്നിപ്പിച്ചത് ഈ പുസ്തകങ്ങൾ

prithvi-supriya

മലയാള സിനിമയിലെ ‘ക്യൂട്ട് ആൻഡ് ഇന്റലക്ച്വൽ കപ്പിൾസ്’ ആണ് പൃഥ്വിയും സുപ്രിയയും. വ്യക്തമായ നിലപാടുകളും സുതാര്യമായ ഇടപെടലുകളുമാണ് ഇരുവരെയും പ്രേക്ഷകർക്ക് പ്രിയങ്കരരാക്കുന്നത്. നാളുകൾ നീണ്ട സൗഹൃദത്തിനൊടുവിൽ ജീവിതത്തിൽ ഒരുമിച്ച ഇരുവരുടെയും തീരുമാനം പോലും അങ്ങനെയുള്ളതായിരുന്നു.

നിലപാടുകളിലെ സ്വരച്ചേർച്ച മാത്രമല്ല ഇരുവരെയും ഒന്നിപ്പിച്ച മറ്റൊരു പ്രധാന ഘടകം കൂടിയുണ്ട്. പുസ്തകങ്ങളാണ് രണ്ടു ധ്രുവങ്ങളിൽ സഞ്ചരിച്ച ഇരുവരെയും ഒന്നിപ്പിച്ച മറ്റൊരു പ്രധാന ഘടകം. പുസ്തകങ്ങൾ തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് പൃഥ്വി മനസു തുറന്നത്.

പുസ്തകങ്ങളെ പ്രണയിച്ച തങ്ങൾ പരസ്പരം പ്രണയിക്കാൻ തീരുമാനിച്ച നാളുകളെ പൃഥ്വി ഓർക്കുന്നത് ഇങ്ങനെ;

‘തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച ‘ഡോണ്‍’ എന്ന ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടു കൊണ്ടിരിക്കുകയാണ് ‘തിരിച്ചു വിളിക്കാം’ എന്ന് പറഞ്ഞു. ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടു പേര്‍ക്കും ഇഷ്ടമുള്ള പുസ്തകം അയന്‍ റാന്‍ഡിന്റെ ‘The Fountainhead’ ആയിരുന്നു’–പൃഥ്വിരാജ് ഓര്‍മ്മിച്ചു.

പുസ്തകങ്ങളെയും സിനിമയെയും പറ്റിയുള്ള ഇരുവരുടേയും ആശയങ്ങളും അഭിപ്രായങ്ങളും പങ്കു വച്ച് തുടങ്ങിയ സൗഹൃദത്തെ പ്രണയത്തിലേക്ക് എത്തിക്കുന്നതും മറ്റൊരു പുസ്തകമാണ്. ആ സമയത്ത് വായിച്ചു കൊണ്ടിരുന്ന ‘ശാന്താറാം’ എന്ന ഗ്രിഗറി ഡേവിഡ്‌ റോബര്‍ട്ട്‌സ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വര്‍ണ്ണനയില്‍ മയങ്ങിയ പൃഥ്വിരാജ് ആ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അവിടേയ്ക്ക് പൃഥ്വിരാജിനെ കൊണ്ട് പോകാം എന്ന് മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ ഏല്‍ക്കുകയും ചെയ്തു. ഒരുമിച്ചു നടന്ന് അവര്‍ മുംബൈയിലെ ‘ഹാജി അലി’, ലിയോപോള്‍ഡ്‌’ കഫെ’ എന്നിവ കണ്ടു. അതിനിടയില്‍ എപ്പോഴോ ആണ് പ്രണയത്തിന്റെ തുടക്കം എന്നാണ് പൃഥ്വിരാജ് പിന്നീട് വെളിപ്പെടുത്തിയത്’– പ്രണയം വന്ന വഴി പൃഥ്വി ഓർത്തെടുക്കുന്നു.

കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍25നാണ് ഇവര്‍ വിവാഹിതരായത്. പ്രണയ സുരഭിലമായ ജീവിതത്തിന് കൂട്ടായി അലംകൃത എന്ന കണ്മണിയും  ഇരുവർക്കൊപ്പമുണ്ട്.