തെലങ്കാനയിലെ തൊരൂരില്‍ മാള്‍ ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ നടി പ്രിയങ്ക മോഹനു പരുക്ക്. തനിക്ക് നിസാര പരിക്കുകളുണ്ടെന്നും ഇപ്പോൾ സുഖമായിരിക്കുന്നതായും പ്രിയങ്ക മോഹൻ എക്‌സ് പോസ്റ്റിൽ കുറിച്ചു. നടിക്കൊപ്പം ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് ഝാന്‍സി റെഡ്ഡിക്കും പരുക്കേറ്റു.
‘ഇന്ന് തൊരൂരിൽ ഞാൻ പങ്കെടുത്ത ഒരു പരിപാടിയിൽ ഉണ്ടായ അപകടത്തിൽ എനിക്ക് കുഴപ്പമൊന്നുമില്ലെന്നും ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടുവെന്നും എന്റെ അഭ്യുദയകാംക്ഷികളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. സംഭവത്തില്‍ എന്തെങ്കിലും പരുക്ക് പറ്റിയവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എനിക്ക് അയച്ച സ്നേഹവും കരുതലും ദയയും നിറഞ്ഞ സന്ദേശങ്ങൾക്ക് എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നന്ദി’.– പ്രിയങ്ക സോഷ്യൽ മീഡിയയിൽ കുറിച്ചു.