Monday 25 October 2021 12:56 PM IST : By സ്വന്തം ലേഖകൻ

ദേശീയ പുരസ്കാരം: ചടങ്ങിൽ തിളങ്ങി രജനീകാന്തും കുടുംബവും: അഭിമാനമായി മലയാളം

rajanikanth

67–ാമത് ദേശീയചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ ശ്രദ്ധേയ സാന്നിധ്യമായി തമിഴകത്തിന്റെ താരചക്രവർത്തി രജനീകാന്തും കുടുംബവും. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹെബ് ‍ഫാല്‍കെ അവാർഡ് സ്വീകരിക്കാൻ കുടുംബസമേതമാണ് രജനി എത്തിയത്. രജനിക്കൊപ്പം ഭാര്യ ലത, മകൾ ഐശ്വര്യ, മരുമകൻ ധനുഷ് എന്നിവരും ഉണ്ട്. അസുരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിനാണ് മികച്ച നടനുള്ള പുരസ്കാരം.

ഇത്തവണ മലയാളത്തിന് പതിമൂന്ന് പുരസ്കാരങ്ങളാണ്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ ആണ് മികച്ച ചിത്രം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറിനും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുൽ റിജി നായർക്കുമാണ്. മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം പ്രഭാവർമ, മികച്ച മേക്കപ്പ് ആർട്ടിസ്റ്റനുള്ളത് രഞ്ജിത്, ചമയത്തിന് സുജിത്ത് സുധാകരൻ, സായി എന്നിവർക്കാണ്. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ജെല്ലിക്കെട്ടിന്റെ ഛായാഗ്രാഹകൻ ഗിരിഷ് ഗംഗാധരനാണ്. റസൂൽപൂക്കുട്ടി, ബിബിൻ ദേവ് എന്നിവർക്കാണ് ശബ്ദമിശ്രണത്തിനുള്ള പുരസ്കാരം.

ധനുഷിനൊപ്പം ബോളിവുഡ് താരം മനോജ് ബാജ്പേയി മികച്ച നടനുളള പുരസ്കാരം പങ്കിടും. കങ്കണ റണൗട്ട് ആണ് മികച്ച നടി.

സഞ്ജയ് പുരൻ സിങ് ചൗഹാനാണ് മികച്ച സംവിധായൻ. സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയ്‌സേതുപതിക്കാണ്.