Friday 22 February 2019 11:22 AM IST : By സ്വന്തം ലേഖകൻ

‘സിനിമ പാഷനാണ്, മറ്റു നേട്ടങ്ങള്‍ ആഗ്രഹിക്കുന്നില്ല’! നിലപാട് വ്യക്തമാക്കി രജിഷ

rajisha-new

ചുരുക്കം സിനിമകളിലൂടെ താനൊരു മികച്ച അഭിനേത്രിയാണെന്നു തെളിയിക്കാൻ രജിഷ വിജയനായി. ഇപ്പോൾ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘ജൂൺ’ രജിഷയുടെ പ്രതിഭ അരക്കിട്ടുറപ്പിക്കുന്ന ചിത്രമാണ്. ചിത്രത്തിൽ ജൂൺ എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ വിവിധ കാലങ്ങളിലെ വേറിട്ട ഗെറ്റപ്പുകൾ അതി മനോഹരമായി അവതരിപ്പിച്ചു വിജയിപ്പിച്ചിരിക്കാൻ താരത്തിനായി.

എന്നാൽ, വിജയിക്കുമോ ഇല്ലയോ എന്നാലോചിച്ച് സിനിമ ചെയ്യാനാകില്ലെന്നും, തൃപ്തി തരുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്കു താത്പര്യമെന്നും രജിഷ വ്യക്തമാക്കുന്നു. ഒരു അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമ തന്റെ പാഷനാണെന്നും അതില്‍ നിന്നു മറ്റു നേട്ടങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും രജിഷ പറയുന്നു.

ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ദുല്‍ഖറിന്റെയോ ഫഹദിന്റെയോ സിനിമയ്ക്ക് വരുന്ന ആളുകള്‍ എന്റെ സിനിമയ്ക്ക് വരണം എന്നില്ലന്നും രജിഷ വ്യക്തമാക്കുന്നു. പ്രേക്ഷകര്‍ അവരുടെ പേര് കേട്ടാണ് വരുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് ആ വാല്യു കൊടുക്കുന്നത്. അവരത് അര്‍ഹിക്കുന്നുണ്ട്. എനിക്കൊരു സ്റ്റാര്‍ ആകണ്ട, നടി ആയാല്‍ മതിയെന്നും രജിഷ.

നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്ത ജൂൺ ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെയാണ് അടയാളപ്പെടുത്തുന്നത്.