Tuesday 05 June 2018 10:55 AM IST

ആഫ്രിക്കൻ തത്ത മുതൽ പഴയ കാല ടേപ് റെക്കോർഡർ വരെ; പിഷാരടിയുടെ ക്രെയ്സ് ഇതൊക്കെയാണ്

Vijeesh Gopinath

Senior Sub Editor

pisha

സിനിമയും മിമിക്രിയും കോമഡി പരിപാടികളും മാത്രമല്ല പിഷാരടിയുടെ ഇഷ്ടങ്ങൾ വേറെയുമുണ്ട്. ജീവികളെയും പഴയ ആന്റിക് സാധനങ്ങളെയും ജീവനു തുല്യം സ്നേഹിക്കുന്ന പിഷാരടിയെ അധികമാർക്കു മറിയില്ല.

ഗിനിപ്പന്നിയെയും കുട്ടിത്തേവാങ്കിനെയും അരുമകളായി വളർത്തിയിരുന്നവരാണ് തങ്ങളെന്ന് പിഷാരടി പറയുന്നു. എന്നാൽ ഇപ്പോൾ ഫ്ളാറ്റായതു കൊണ്ട് ആഫ്രിക്കൻ തത്തയെ മാത്രമേ വളർത്താൻ പറ്റിയിട്ടുള്ളു.

ആന്റിക് സാധനങ്ങളിൽ ടേപ് റെക്കോഡറുകൾ തേടിപ്പോകുന്ന തന്റെ ക്രേസിനെക്കുറിച്ചും പിഷാരടി വാചാലനാകുന്നു. വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പിഷാരടി ഇഷ്ടങ്ങൾ തുറന്നു പറഞ്ഞത്.

പിഷാരടി പറയുന്നു:

പണ്ട് ഗിനി പന്നിയെയും  കുട്ടിത്തേവാങ്കിനെയുമൊക്കെ വീട്ടിൽ വളർത്തിയിട്ടുണ്ട്. എല്ലാ ജീവികളെയും എനിക്ക് ഇഷ്‍ടമാണ്. ഇതിപ്പോ ഫ്ലാറ്റായതു കൊണ്ട് ആഫ്രിക്കൻ തത്തയെ മാത്രമേ വളർത്താൻ പറ്റിയിട്ടുള്ളു. ‘ഇമ’ എന്നാണതിന്റെ പേര്. എന്റെ കൈയിലുള്ള ആന്റിക് സാധനങ്ങളെന്നു പറഞ്ഞാ ൽ രാജാവ് ഉപയോഗിച്ച മൊന്തയും കട്ടിലും ഒന്നുമല്ല. ചെറുപ്പകാലത്ത് സ്വാധീനിച്ച ചില സാധനങ്ങൾ, അന്നാഗ്രഹിച്ചിട്ടു കിട്ടാതെ പോയത് അതൊക്കെയാണ്. ടേപ് റിക്കോര്‍ഡര്‍ അതിലൊന്നാണ്. അന്നേ ഞാൻ കസെറ്റ് വാങ്ങും. പക്ഷേ അതിടാൻ ടേപ് റിക്കോ‍ർഡറില്ല. കവലയിലെ േലാട്ടറിക്കച്ചവടമുള്ള കൂട്ടുകാരന് കസെറ്റ് കൊടുക്കും. ഒറ്റ കുഴപ്പമേയുള്ളൂ, പാട്ട് ഒറ്റയടിക്ക് കേൾക്കാനാകില്ല. ‘മുക്കാലാ... മുക്കാബുലാ’ കഴിയുമ്പോള്‍ ‘നാളെ... നാളെ... നാളെയാണ്...’ എന്നു കേൾക്കും. അതു കഴിഞ്ഞേ ‘ലൈലാ.. ഒാ ലൈല’ വരൂ.

പിന്നീടു വീട്ടിൽ ടേപ് റിക്കോർഡർ വാങ്ങാൻ  തീരുമാനിച്ചു. ഞാനും അച്ഛനും എറണാകുളത്തു പോയി ടേപ് റിക്കോർഡറും കസെറ്റുകളും വാങ്ങി. ഒരു ഭക്തിഗാന കസെറ്റ് വാങ്ങാൻ അമ്മ  പ്രത്യേകം പറഞ്ഞിരുന്നു. അച്ഛൻ കുറേ തിരഞ്ഞ് എടുത്തത് ‘വിഷ്ണു ലോകം’ എന്ന കസെറ്റാണ്. രാത്രി േടപ് വയ്ക്കാന്‍ അമ്മ സമ്മതിച്ചില്ല. നാളെ വെളുപ്പിനെ ഭക്തിഗാനമിട്ടു  തുടങ്ങാം  എന്നു നിർബന്ധം പിടിച്ചു. പിറ്റേന്നു വെളുപ്പിനെ എല്ലാവരും കുളിച്ചു വന്ന് ഭക്തിഗാന കസെറ്റ്  ഇട്ട് കൈ കൂപ്പി നിന്നു. ആദ്യ പാട്ടു വന്നു ‘കസ്തൂരി...  എന്റെ കസ്തൂരി... അഴകിൻ ശിങ്കാരി... കളിയാടാൻ വാ...’ വീടു മൊത്തം ഞെട്ടി. ‘വിഷ്ണുലോകം’ ഒരു സിനിമാ പേരാണെന്ന് പാവം അച്ഛന് അപ്പോഴും മനസ്സിലായില്ല..