‘ഗീതാ ഗോവിന്ദം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയായ നായികയാണ് രശ്മിക മന്ദാന. വിജയ് ദേവേരകൊണ്ടയുടെ നായികയായെത്തിയ താരം മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവച്ചത്.
ഗീതാഗോവിന്ദം വിജയക്കൊടി പാറിച്ച് മുന്നോട്ട് പോകുന്നതിനിടെ നായിക രശ്മിക മന്ദാനയെക്കുറിച്ച് അത്ര സുഖകരമല്ലാത്ത വാർത്തകൾ പുറത്തു വന്നിരുന്നു. രശ്മികയുടെ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന വിവാഹം മുടങ്ങിയെന്നായിരുന്നു റിപ്പോർട്ടുകൾ. കന്നടതാരം രക്ഷിത് ഷെട്ടിയുമായാണ് രശ്മികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് തെലുങ്ക് മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ രശ്മിക മൗനം തുടർന്നതോടെ ഗോസിപ്പ് കോളങ്ങൾ വിവാഹ മോചന വാർത്തയ്ക്ക് പുതിയ ഭാഷ്യം ചമയ്ക്കുകയും ചെയ്തു.
ഇപ്പോഴിതാ വിഷയത്തിൽ ഇതാദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകാണ് രശ്മിക. എല്ലാ വാര്‍ത്തയ്ക്കും രണ്ട് വശങ്ങളുണ്ടെന്നും തന്നെ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും രശ്മിക പറഞ്ഞു. സിനിമയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്നും രഷ്മിക സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
‘കുറച്ചു നാള് മൗനം പാലിച്ചതിൽ ക്ഷമിക്കണം. പക്ഷെ എന്നെക്കുറിച്ചുള്ള കഥകളും ലേഖനങ്ങളും കമന്റുകളും ട്രോളുകളുമെല്ലാം കാണുന്നുണ്ടായിരുന്നു. ഇതിലെല്ലാം എന്നെ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നതില് ഞാന്‍ അസ്വസ്ഥയാണ്. പക്ഷെ , നിങ്ങളെയാരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല...കാരണം നിങ്ങള്‍ വിശ്വസിക്കുന്നത് അതാണ്. ഞാന്‍ ആരോടും ഒന്നും ന്യായീകരിക്കാന്‍ ഇല്ല. പക്ഷെ നിങ്ങളോട് ഒരു കാര്യം എനിക്ക് പറയാനുണ്ട്.’
‘രക്ഷിതോ, ഞാനോ ഈ മേഖലയിലുള്ള മറ്റാരും തന്നെ ഇത്തരത്തില്‍ ഉള്ള അവസ്ഥയിലൂടെ കടന്നു പോകാന്‍ പാടില്ല. ഒരു കാര്യം കൂടി പറയട്ടെ ഒരു നാണയത്തിനു രണ്ട് വശങ്ങളുണ്ട്. അതുപോലെ തന്നെ ഓരോ കഥയ്ക്കും. ഞങ്ങളെ, ഈ മേഖലയില്‍ ജോലി എടുക്കുന്നവരെ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കണം.’
‘കന്നഡ ചിത്രങ്ങളില്‍ തുടര്‍ന്നും അഭിനയിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. ഞാന്‍ ഇവിടെ നില്ക്കാന് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഏത് ഭാഷയാകട്ടെ, ഏത് മേഖലാകട്ടെ ഞാന്‍ എന്റെ മികച്ച പ്രകടനം കാഴ്ച വയ്ക്കുക തന്നെ ചെയ്യും.’–രശ്മിക പറഞ്ഞു.
കഴിഞ്ഞ വർഷം ജൂണ്‍ 17 നായിരുന്നു രശ്മികയുടെയും രക്ഷിതിന്റെ വിവാഹനിശ്ചയം. ഈ വര്‍ഷം വിവാഹം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് രശ്മിക അതെല്ലാം നിഷേധിച്ച് രംഗത്ത് വരികയും ചെയ്തു. എന്നാൽ ഇതിനെല്ലാം പിന്നാലെ രശ്മിക തന്നെ പിന്മാറിയെന്ന വാർത്തകളുടെ ചുവടു പിടിച്ചായിരുന്നു ഗോസിപ്പ് കോളങ്ങളിൽ വാർത്തകള്‍ നിറഞ്ഞു നിന്നിരുന്നത്.
മാതാപിതാക്കളുടെ അഭിപ്രായം തേടിയ ശേഷമാണ് രശ്മിക തീരുമാനം എടുത്തിരിക്കുന്നത്. അതേസമയം ഗീതാഗോവിന്ദത്തിന്റെ വിജയത്തിനു പിന്നാലെ തമിഴ്, കന്നട, തെലുഗുഭാഷകളില് നിന്ന് രശ്മികയ്ക്ക് ഒരുപാട് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിവാഹജീവിതത്തിൽ നിന്നു മാറി സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രശ്മികയുടെ തീരുമാനമെന്നും അറിയുന്നു.