Saturday 23 March 2019 04:55 PM IST : By വിനോദ് കൊണ്ടൂർ ഡേവിഡ്

മീരചേച്ചീ, ആദ്യ സിനിമ ആയതു കൊണ്ടാ.. മലയാളം സാവധാനം പഠിച്ചോളും! ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ റിഥുൻ കഥാപാത്രമായത് വിമാനത്തിൽ വച്ച്

a1

‘അപ്പുവിന്റെ സത്യാന്വേഷണങ്ങളി’ലേക്ക് അവസരം തേടിയെത്തുമ്പോൾ റിഥുൻ ഗുജ്ജയ്ക്ക് അറിയില്ലായിരുന്നു വലിയൊരു അംഗീകാരത്തിലേക്കുള്ള വഴിയാണ് തനിക്കു മുന്നിൽ തുറന്നിരിക്കുന്നതെന്ന്. കാഴ്ച എന്ന ചിത്രത്തിൽ പവൻ എന്ന ഗുജറാത്തി ബാലനെ അവതരിപ്പിച്ച യാഷിനെ മലയാളികൾ അംഗീകരിച്ചത് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നൽകിയാണ്. 15 വർഷങ്ങൾക്കിപ്പുറം മറുനാട്ടിൽ നിന്നൊരു മലയാളി ബാലൻ സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് സ്വന്തമാക്കുമ്പോൾ അതു പ്രവാസി മലയാളികൾക്കു കൂടിയുള്ള അംഗീകാരമാണ്.

അമേരിക്കയിൽ ജനിച്ചു വളർന്ന റിഥുൻ യാദൃശ്ചികമായാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. മലയാളികളുടെ രാജ്യാന്തര കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ മീറ്റിംഗിന്റെ ഭാഗമായി എത്തിയ പ്രൊഡ്യൂസർ എ.വി. അനൂപും സുഹൃത്തു വിജയനും ഡെലവെയറിലെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയായ സഖറിയാസ് പെരിയപുറത്തിന്റെ വീട്ടിലാണ് താമസിച്ചത്. സംസാരത്തിനിടയിൽ അടുത്ത പ്രോജക്റ്റ് കുട്ടികളുടെ ചിത്രമാണെന്നും, അതിൽ അഭിനയിക്കാൻ ഒരു പുതുമുഖ ബാലനെ നോക്കുന്നുണ്ടെന്നും പറഞ്ഞു. അപ്പോൾ തന്നെ സഖറിയാസ് തന്റെ കുടുംബ സുഹൃത്തായ പവിത്രന്റെ മകൻ റിഥുന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് അനൂപിന്റെ നിർദ്ദേശ പ്രകാരം ഒരു വിഡിയോ അയച്ചു കൊടുക്കുകയും ചെയ്തു. അനൂപ് അതു സംവിധായകൻ സോഹൻലാലിനെ കാട്ടി. തുടർന്ന് അദ്ദേഹം ഓൺലൈനിൽ പലപ്പോഴായി ഓഡിഷൻ നടത്തുകയും റിഥുനെ തിരഞ്ഞെടുക്കുകയുമായിരുന്നു. ഒക്ടോബറിൽ സ്കൂളിലും പ്രശ്നമൊന്നും ഇല്ലായിരുന്നത് കൊണ്ട് ബാക്കിയെല്ലാം ഒാകെ.

ഡെലവെയർ ഓഡിസ്സി ചാർട്ടർ സ്ക്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് റിഥുൻ. ഡെലവെയറിൽ തന്നെ ഫാർമസി ബിസിനസ്സ് നടത്തുന്ന പവിത്രൻ ഗുജ്ജയാണ് പിതാവ്. ഇന്ത്യയിൽ തെലുങ്കാനയിലെ വാറങ്കൽ ആണ് അദ്ദേഹത്തിന്റെ സ്വദേശം. സിമി സൈമണാണ് അമ്മ. ക്രിഷ്യാന കെയർ ആശുപത്രിയിൽ നേഴ്സായി ജോലി നോക്കുന്നു. കോട്ടയം ജില്ലയിലെ മാഞ്ഞൂരാണ് സ്വദേശം. രോഹൻ, റിഥുന്റെ ഇളയ സഹോദരനാണ്. 2004-ലാണ് അമേരിക്കയിൽ വന്നത്.

a2

സിനിമാ പാരമ്പര്യം ഒന്നുമില്ലാത്ത കുടുംബത്തിൽ നിന്നാണ് റിഥുന്റെ കടന്നു വരവ്. അച്ഛന്റെ വീട്ടുകാർ കൂടുതലും പഠന കാര്യങ്ങളിൽ തത്പരരാണ്. അച്ഛൻ വരയ്ക്കും. അമ്മ സിമി, ഡെലവെയർ മലയാളി അസ്സോസിയേഷനിൽ ഓണത്തോടനുബന്ധിച്ചു നൃത്തവും പാട്ടുമൊക്കെ വേദികളിൽ ചെയ്തിട്ടുണ്ട്. പക്ഷെ ഒരു തരത്തിലുള്ള അഭിനയ പാരമ്പര്യവും രണ്ടു വീടുകളിലും ഇല്ല. ആർട്സ് ആൻഡ് ക്രാഫ്റ്റ്സാണ് റിഥുന്റെ ഹോബികളിലൊന്ന്. മകൻ വളരെ ക്രിയേറ്റീവ് ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് അമ്മ സിമി ഓർക്കുന്നു. ഇടയ്ക്ക് വരയ്ക്കും പാട്ടും ശിവതാണ്ഡവം മാർഗ്ഗംകളി തുടങ്ങിയ പരമ്പരാഗതമായ കലകളോട് റിഥുന് ഇഷ്ടമാണ്. മകനൊപ്പം സിനിമയിൽ തല കാട്ടാൻ അവസരം ലഭിച്ചതിന്റെ ഇരട്ടി മധുരമാണ് സിമിയുടെ വാക്കുകളിൽ.

ഡെൽമയാണ് തട്ടകം

ഡെലവെയറിൽ മലയാളി സാംസ്ക്കാരിക സംഘടനയായ ഡെൽമയാണ് റിഥുന്റെ തട്ടകം. കുട്ടികൾക്കും മുതിർന്നവർക്കും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുവാൻ ഒരു വേദിയും, ഒപ്പം മലയാള സംസ്ക്കാരത്തെ കൂടുതലായി അറിയുവാനും സഹായിക്കുന്നുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി റിഥുൻ പാട്ടും നൃത്തവുമൊക്കെ ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള അവസരങ്ങൾ, സങ്കോചമില്ലാതെ വേദികളിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുവാൻ കഴിയുന്നുണ്ട്. റിഥുനെ പ്രൊഡ്യൂസർ അനൂപിന് പരിചയപ്പെടുത്തിയ സഖറിയാസ് പെരിയപുരം ഡെൽമയുടെ മുൻ പ്രസിഡന്റ് ആയിരുന്നു.

സിനിമയിലെ അഭിനനയത്തിന് സഹായിച്ചത് സംവിധായകനാണ്. ഓഡിഷന്റെ സമയത്തു തന്നെ സോഹൻലാൽ ചിത്രത്തിലെ ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ പറഞ്ഞിരുന്നു. നിഷ്കളങ്കനായ ഒരു ഗ്രാമീണ ബാലന്റെ കഥാപാത്രമാണ് ചെയ്യേണ്ടതെന്ന് അന്നേ പറഞ്ഞിരുന്നു. പൂർണ്ണമായ തിരക്കഥ കിട്ടിയപ്പോഴും അതിലേക്ക് കൂടുതൽ ഇറങ്ങി പഠിപ്പിക്കുവാനോ തയ്യാറെടുക്കുവാനോ പ്രാക്ടീസ് ചെയ്യുവാനോ തുനിഞ്ഞില്ല. കാരണം കഥാപാത്രത്തെ നമ്മൾക്ക് മനസ്സിലായ ഐഡിയ അല്ലായിരിക്കും, ഡയറക്ടർ സോഹൻലാലിന്റെ. അദ്ദേഹത്തിന് ചിത്രമെങ്ങനെ പോകണം എന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. അഭിനയിച്ച കുട്ടികളുടെ മുഴുവൻ കഴിവുകളെയും പുറത്തെത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്.

ചിത്രത്തിന്റെ കോസ്റ്റ്യൂമറായ ഇന്ദ്രൻസ് ജയനാണ് വിളിച്ച് കഥാപാത്രത്തെക്കുറിച്ചു പറയുന്നത്. ഒരു പക്ഷെ അവാർഡു വരെ ലഭിക്കാവുന്ന കഥാപാത്രമാണ് അതെന്ന് അദ്ദേഹം പറഞ്ഞപ്പോൾ, ആ കഥാപാത്രത്തിന്റെ ഏകദേശ സ്വഭാവങ്ങൾ മനസ്സിലായിരുന്നു. സമയ കുറവു കാരണം, റിഥുന്റെ കഥാപാത്രമുള്ള രംഗങ്ങൾ മാത്രം ഫ്ലൈറ്റ് യാത്രക്കിടയിലും വീട്ടിലുമായി ഒന്നു വായിച്ചു നോക്കിയിരുന്നു. തുടക്കം മുതലേ റിഥുൻ ചിത്രത്തേക്കുറിച്ചും അഭിനയത്തേക്കുറിച്ചും വളരെ തൽപ്പരനായിരുന്നു. അതാണ് ഡയറക്ടറിന് ഏറ്റവും ഇഷ്ടപ്പെട്ടതും. നാട്ടിലെത്തുന്നതിന് മുൻപ് ഡയറക്ടറുമായി സംസാരിച്ചപ്പോൾ, ഓഡിഷന്റെ സമയത്ത് നന്നായി ചെയ്തെങ്കിലും നാട്ടിൽ ക്യാമറയുടെയും സിനിമാപ്രവർത്തകരുടെയും മുന്നിൽ ചെയ്യുമ്പോൾ ശരിക്കും അഭിനയിക്കാൻ പറ്റിയില്ലെങ്കിൽ റിഥുനെ സഹനടൻ സ്ഥാനത്തേക്ക് മാറ്റേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞിരിന്നു.

a3

നാട്ടിൽ ചെന്നപ്പോൾ ഷൂട്ടിങ്ങിന് മുൻപ് രണ്ടു ദിവസം വിനു, ഗോപാൽ എന്നിവരുടെ നേത്യത്വത്തിൽ വർക്ക്ഷോപ്പ് ഉണ്ടായിരുന്നു, അതിൽ വിവിധ സ്കൂളുകളിൽ നിന്നും 80-ഓളം കുട്ടികൾ ഉണ്ടായിരുന്നു, അവരുമായൊക്കെ നന്നായി ഇടപഴകി നല്ല സുഹൃത്തുക്കളാകാൻ റിഥുന് സാധിച്ചു. ആദ്യ ദിനങ്ങളിൽ ഡയലോഗുകൾ എഴുതി പറഞ്ഞു പഠിപ്പിക്കേണ്ടി വന്നു, സിമി ഓർക്കുന്നു. പിന്നീട് റിഥുൻ മറ്റുള്ള കുട്ടികളുമായി ഇടപഴകി നന്നായിട്ട് ചെയ്തു.

പ്രൊഡ്യൂസർ എ.വി.അനൂപാണ് ചിത്രത്തിൽ റിഥുന്റെ വല്ല്യച്ചനായി വേഷമിടുന്നത്. സോഹൻ ലാലിന് കുട്ടിളോട് ഇടപെടേണ്ട രീതിയും എല്ലാം നന്നായിട്ട് അറിയാം. ഇതൊക്കെ റിഥുനിലെ നടന് കൂടുതൽ സ്വതസിദ്ധമായ രീതിയിൽ ചെയ്യുവാൻ സാധിച്ചു. അതുപോലെ റിഥുന്റെ കൂടെ അഭിനയിച്ച ബാലതാരം രോഹൻ ലാലും മാതാപിതാക്കളുമാകിട്ടൊക്കെയുള്ള ഇടപെടൽ റിഥുന്റെ അഭിനയത്തിന് ഒരു പാട് സഹായിച്ചു. മേക്കപ്പ് ചെയ്തത് പട്ടണം റഷീദും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് മനോജുമാണ്.പട്ടണം റഷീദിന്റെ മകൻ അൽത്താഫ്, ക്യാമറ അസിസ്റ്റന്റായും ചിത്രത്തിന്റെ ക്രൂവിലുണ്ടായിരുന്നു. നല്ല ടൈം മനേജ്മെന്റും സിനിമയുടെ ക്രൂ മെമ്പേഴ്സും, ടെക്നീഷ്യൻമാരും ഒക്കെയായി നല്ല ഒരു ടീം വർക്കായിരുന്നു..

a4

ഈ സിനിമ വലിയൊരു ഭാഗ്യമായിട്ടാണ് ഞങ്ങൾ കരുതുന്നത്. പല ഘടകങ്ങളും ഒരുമിച്ച് വന്നത് ദൈവാധീനവും. കഴിഞ്ഞ ഒക്ടോബർ വരെ വളരെ സാധാരണ മലയാളി പ്രേക്ഷകർ എന്ന രീതിയിൽ സിനിമകൾ കാണുന്നു ആസ്വദിക്കുന്നു എന്നതിലുപരി സിനിമാ അഭിനയ മോഹമോ, അഭിനയ പാരമ്പര്യമോ ഒന്നുമില്ലാതിരുന്ന ഒരു കുടുംബത്തിന് 5-6 മാസങ്ങൾ ഇരുട്ടി വെളുത്തപ്പോൾ സംസ്ഥാന അവാർഡ് ലഭിക്കുക എന്നത് ഇപ്പോഴും വിശ്വാസിക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം - സിമിയുടെ വാക്കുകളിൽ ഇപ്പോഴും അവിശ്വസനീയത. റിഥുന്റെ പഠന്നത്തിന് കോട്ടം തട്ടാത്ത രീതിയിൽ ഇനിയും അവസരങ്ങൾ വന്നാൽ ഉറപ്പായിട്ടും അഭിനയിപ്പിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അവാർഡ് ലഭിച്ചത് കുട്ടികളുടെ ആത്മാഭിമാനം ഉയർത്തി എന്നുള്ളത് വളരെ സന്തോഷം നൽകുന്നതാണ്. അവാർഡ് ലഭിച്ചത് കൊണ്ട് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ഒന്നും ഇവിടെ അമേരിക്കയിൽ ലഭിച്ചിട്ടുമില്ല. റിഥുൻ എത്ര ഉയരങ്ങൾ കീഴടക്കിയാലും ഒരു നന്മയുള്ള മനുഷ്യനായി കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഈ സിനിമാ കൊണ്ട് ഒരുപാടു സുഹൃത്തുക്കളെ ഉണ്ടാക്കുവാൻ സാധിച്ചു.

ആദ്യം പഠനം, പിന്നെ നടനം

ഒരു ഡിഗ്രിയൊക്കെ എടുത്തിട്ട് ചലച്ചിത്ര മേഖലയിലേക്ക് ഇറങ്ങാൻ ഒരു ചെറിയ ആഗ്രഹമില്ലാതില്ല. ഇവിടുന്ന് നാട്ടിലേക്ക് പോകുമ്പോഴും വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ പോകുമ്പോഴുമൊക്കെ നാട്ടിൽ എല്ലാവരോടും മലയാളത്തിലേ സംസാരിക്കാവൂ എന്ന് അമ്മ പറഞ്ഞിരുന്നു, പക്ഷേ അവിടെ ചെന്നപ്പോൾ റിഥുൻ ഒഴികെ ബാക്കിയുള്ള കുട്ടികൾ ഇംഗ്ലീഷിലാണ് സംസാരിച്ചത് എന്ന് തമാശയായിട്ടാണ് റിഥുനു തോന്നിയത്. അതുപോലെ മീര വാസുദേവിന് കൂടുതലും തമിഴ് ഭാഷയിലാണ് പ്രാവണ്യം, അതു കൊണ്ട് ഡയലോഗുകൾ പറഞ്ഞു പ്രാക്ടീസ് ചെയ്യുക പതിവായിരുന്നു. റിഥുനും ആദ്യ ദിനങ്ങളിൽ അങ്ങനെ തന്നെയായിരുന്നു. അത് ഓർമ്മ വന്ന റിഥുൻ മീരയുടെയും ആദ്യ ചിത്രമാണെന്ന് കരുതി, മീരയ്ക്ക് ഫ്രീ ആയിട്ട് ഒരു അഡ്വൈസും നൽകി "ഇത് നിങ്ങളുടെ ആദ്യത്തെ സിനിമയാണോ? പേടിക്കേണ്ടാ രണ്ടു ദിവസങ്ങൾ കൊണ്ട് ശരിയായിക്കൊള്ളും"

ഞങ്ങൾ വീട്ടിൽ കൂടുതലും മലയാളത്തിലാണ് സംസാരിക്കാൻ ശ്രമിക്കുന്നത്. റിഥുൻ ഉണ്ടായപ്പോഴും എല്ലാം സിമിയുടെ മാതാപിതാക്കൾ കൂടെ ഉണ്ടായിരുന്നത് ഭാഗ്യമായിട്ടാണ് കരുതുന്നത്. അമ്മച്ചിയുടെ കൂടെ അടുക്കളയിൽ മലയാളത്തിൽ സംസാരിച്ചിരിക്കും റിഥുൻ. രോഹൻ ഉണ്ടായപ്പോൾ കുറച്ച് നാൾ റിഥുൻ നാട്ടിൽ പോയി നിൽക്കാൻ ഇടയായതും ഉച്ചാരണത്തിൽ വലിയ മികവ് ഉണ്ടായി. മലയാള സിനിമകൾ കാണാറുണ്ട് പക്ഷെ എല്ലാം മുഴുവനും ഇരുന്നു കാണാറുമില്ല. മുഴുവനും ഇരുന്നു കണ്ട സിനിമകളിൽ ഇഷ്ടപ്പെട്ടത് മോഹൻലാൽ നായകനായ പുലിമുരുകനും നിവിൻ പോളി നായകനായ പ്രേമവുമാണ്. ഇഷ്ടനായകരും ഇവർ രണ്ടുമാണ്.