Saturday 21 July 2018 12:05 PM IST : By സ്വന്തം ലേഖകൻ

വിവാദ പരാമർശത്തിന് മറുപടിയുമായി റിമ; ഉള്ളില്‍ കരയുന്ന പെണ്ണിനെതിരെ തിരിയല്ലേയെന്ന് മംമ്ത!

rima-mamtha1

സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിന് കാരണം അവരുടെ തന്നെ പ്രവൃത്തികളാണെന്ന നടി മംമ്ത മോഹൻദാസിന്റെ വിവാദ അഭിമുഖത്തിനെതിരെ നടിയും ഡബ്ല്യുസിസി അംഗവുമായ റിമ കല്ലിങ്ങൽ രംഗത്തുവന്നു. ഫെയ്‌സ്ബുക്കിലൂടെ ശക്തമായി പ്രതികരിച്ച റിമ തന്റെ കുറിപ്പിൽ പറയുന്നതിങ്ങനെ;

"സ്തീകൾ ആക്രമിക്കപ്പെടുന്നതിന്റെ ഉത്തരവാദി ഒരിക്കലും അവരല്ല. മറിച്ച് അത് ചെയ്തവരും അവരെ പിന്തുണയ്ക്കുന്ന സമൂഹവും അവർക്ക് സംരക്ഷണം ഒരുക്കുന്ന ലോകവുമാണ്. വഞ്ചിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെടുന്നതിന്റെയും കാരണക്കാര്‍ ഒരിക്കലും സ്ത്രീകൾ അല്ല. മറിച്ച് നിങ്ങളെ ബലാത്സംഗത്തിന് ഇരയാക്കിയവരും പീഡിപ്പിച്ചവരും തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചവരുമാണ്. ഈ തെറ്റുകളെ നിസാരവത്കരിക്കുന്ന സമൂഹവും ഇതിനൊക്കെ ഉത്തരവാദികളാണ്. മറ്റൊരു വ്യക്തിയുടെ പ്രവൃത്തികളെ ഒരിക്കലും കുറ്റപ്പെടുത്തരുത്. സംസാരിച്ചു കൊണ്ടേയിരിക്കുക. ഓരോരുത്തര്‍ക്കു വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും. നിശ്ബദതയുടേയും അജ്ഞതയുടേയും മതിലുകള്‍ തകര്‍ക്കുക."

റിമയുടെ ഫെയ്സ്ബുക് കുറിപ്പ് ചർച്ചയായതോടെ, പോസ്റ്റിനു കീഴെ കമന്റായി മംമ്ത തന്റെ വിശദീകരണവുമറിയിച്ചു. മംമ്തയുടെ വാക്കുകൾ ഇങ്ങനെ;

"നിങ്ങളുടെ അഭിപ്രായത്തിന് നന്ദിയുണ്ട്. സമൂഹത്തില്‍ ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ അവബോധമുണ്ട്. അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നൊരു സമൂഹത്തിലാണ് ഞാനും ജീവിക്കുന്നത്. ഞാന്‍ വിശ്വസിച്ച ചില പുരുഷന്മാരില്‍ നിന്ന് എനിക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാനും സഹാനുഭൂതിയും വിവേചനശേഷിയും ഉള്ളയാളാണ്. ബലാത്സംഗക്കാരാണെന്ന് തെളിഞ്ഞാല്‍ അത്തരക്കാരെ തൂക്കിലേറ്റണം. രണ്ടാമതൊരു അവസരം കൊടുക്കരുത് എന്ന അഭിപ്രായക്കാരിയാണ് ഞാൻ. അതേസമയം  ഉള്ളില്‍ കരയുന്ന സ്ത്രീകള്‍ക്കെതിരെ ദയവായി തിരിയരുത്. പ്രതികരിക്കുന്നതിനു മുൻപ് ഒന്നാലോചിക്കണം."- മംമ്ത പറയുന്നു.

mamtha-cc

വിവാദങ്ങൾക്ക് തുടക്കമിട്ടത് മംമ്ത ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ പരമാർശമായിരുന്നു. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍ കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക അക്രമത്തിലേക്ക് പോലും ചെന്നെത്തിക്കുന്നതെന്നും മംമ്ത പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഈ സംഭവം നടന്ന ദിവസം തുടങ്ങിയതല്ല. കാലങ്ങളായി ഉള്ളതാണ്. അത് വർഷങ്ങൾക്ക് മുമ്പേ സംസാരിച്ച് അവസാനിപ്പിക്കേണ്ടതായിരുന്നു. ഈ സംഭവത്തില്‍ ഭാഗമായ എല്ലാവര്‍ക്കും ഇവര്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന മോശമായ അവസ്ഥയെക്കുറിച്ച് അറിവുള്ളവരായിരുന്നുവെന്നും മംമ്ത പറയുന്നു.