Thursday 21 January 2021 03:34 PM IST : By സ്വന്തം ലേഖകൻ

‘എന്റെ രാമരാജുവും ഭീമും വീണ്ടും ഒത്തുചേരുന്നു’! രുധിരം, രൗദ്രം, രണം ക്ലൈമാക്‌സ് ഷൂട്ടിങ് ആരംഭിച്ചു: ചിത്രം പങ്കുവെച്ച് രാജമൗലി

rrr

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറിന്റെ (രുധിരം, രൗദ്രം, രണം) ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു. സംവിധായകന്‍ രാജമൗലി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജൂനിയർ എന്‍.ടി.ആറും, രാം ചരണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഇരുവരുടെയും കൈകള്‍ മുറുകെ പിടിച്ച് നില്‍ക്കുന്ന ചിത്രവും രാജമൗലി പങ്കുവെച്ചു.

ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്.ബോളിവുഡ് താരം ആലിയ ഭട്ട് ആണ് നായിക. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഹൈദരാബാദിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.