Tuesday 31 December 2024 10:22 AM IST : By സ്വന്തം ലേഖകൻ

‘ഇനി വധുവിന്റെ സഹോദരിയും അവിവാഹിതയുമായ അക്കയുടെ ചിത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം’: കുറിപ്പുമായി സായ് പല്ലവി

sai

സഹോദരി പൂജ കണ്ണനെക്കുറിച്ച് വികാരഭരിതമായ കുറിപ്പുമായി നടി സായ് പല്ലവി.

‘എന്റെ സഹോദരിയുടെ കല്യാണം എന്റെയും ജീവിതത്തിലെ അടുത്ത ഘട്ടത്തിന്റെ ആരംഭമായിരിക്കുമെന്ന് ഞാൻ കരുതിയില്ല. വിവാഹ ചടങ്ങിൽ പങ്കെടുത്ത പ്രിയപ്പെട്ടവരെല്ലാം സന്തോഷാശ്രുക്കളോടെ നവദമ്പതികളെ അനുഗ്രഹിക്കുന്നതിനും സന്തോഷത്താൽ ചുവടു വയ്ക്കുന്നതിനും സാക്ഷിയാകാൻ കഴിഞ്ഞു. പൂജയെ ഈ വലിയ ചുവടുവെപ്പിലേക്ക് നയിക്കാൻ ഞാൻ ആദ്യമൊന്നും തയാറായിരുന്നില്ല. അതുപോലെ തന്നെ എനിക്ക് ഇക്കാര്യത്തിൽ മുൻപരിചയമില്ലാത്തതുകൊണ്ട് ഞാൻ എപ്പോഴും ചെയ്യുന്നതുപോലെ ഇത്തവണ അവൾക്ക് വേണ്ട ഉപദേശങ്ങൾ നൽകാനും കഴിഞ്ഞില്ല. പക്ഷേ, എന്റെ പ്രിയപ്പെട്ട വിനീത് ഞാൻ ചെയ്യുന്നതിനേക്കാളേറെ പൂജയെ ലാളിക്കുമെന്നും സ്നേഹിക്കുമെന്നും എനിക്കുറപ്പുണ്ടായിരുന്നു. ഇപ്പോൾ അവരുടെ കല്യാണം കഴിഞ്ഞ് മൂന്ന് മാസമായി. എന്റെ ജീവിതത്തിൽ ഞാൻ ഇതുപോലെ സന്തോഷിച്ച നിമിഷങ്ങൾ ഉണ്ടായിട്ടില്ല. ഈ സ്നേഹവും പോസിറ്റിവിറ്റിയും നൽകിയ എല്ലാവരോടും ദൈവത്തിനും നന്ദി പറയുന്നു.

ഞാനൊരിക്കലും ഇമോട്ടിക്കോണിന്റെ ആരാധികയായിരുന്നില്ല, എന്നാൽ ഇത്തവണ റിസ്ക് എടുക്കുന്നില്ല. ഇതെല്ലാം ഇപ്പോൾ എനിക്ക് വളരെ വിലപ്പെട്ടതാണ്. ഇഷാൻ, നിങ്ങളും ഖുശ്ബുവും എടുത്ത ചിത്രങ്ങൾ മാജിക്കൽ ആയിരുന്നു. ഓരോ ചിത്രവും ഓരോ പെയിന്റിങ് ആയിരുന്നു. അവസാനത്തെ 10 ചിത്രങ്ങൾ വിവേക് കൃഷ്ണൻ പകർത്തിയതാണ്. നിങ്ങൾ എടുത്ത ലക്ഷക്കണക്കിന് വിലയേറിയ നിമിഷങ്ങളിൽ നിന്ന് ഇവ തിരഞ്ഞെടുക്കാൻ ഞാൻ ഏറെ ബുദ്ധിമുട്ടി’.– പൂജയുടെ വിവാഹത്തിന്റെ ചില പങ്കുവച്ച് സായ് പല്ലവി കുറിച്ചു.

പൂജ കണ്ണനും വിനീത് ശിവകുമാറും തമ്മിലുള്ള വിവാഹം സെപ്റ്റംബറിൽ ഊട്ടിയിൽ വച്ചായിരുന്നു.

മറ്റൊരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ‘ഇനി വധുവിന്റെ സഹോദരിയും അവിവാഹിതയുമായ അക്കയുടെ ചിത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം’ എന്ന കുറിപ്പോടെ വിവാഹസമയത്തുടനീളമുള്ള തന്റെ ചിത്രങ്ങളും സായ് പല്ലവി പങ്കുവച്ചിട്ടുണ്ട്.