Wednesday 22 January 2025 05:11 PM IST : By സ്വന്തം ലേഖകൻ

‘എന്റെ കൂടപ്പിറപ്പിനെ കാത്തതിന് നന്ദി... നിങ്ങൾ വാഴ്ത്തപ്പെടാത്ത നായിക’: ഏലിയാമ്മയെ പ്രശംസിച്ച് സെയ്ഫിന്റെ സഹോദരി

saba

അക്രമിയിൽ നിന്നും തന്റെ കൂടപ്പറപ്പിനെ രക്ഷിച്ച വീട്ടിലെ സഹായികൾക്ക് സെയ്ഫ് അലി ഖാന്റെ സഹോദരി സബാ അലി ഖാൻ. സെയ്ഫിന്റെ കുഞ്ഞുങ്ങളെ സേഫാക്കി മറ്റൊരു മുറിയിലേക്ക് മാറ്റുകയും അപായ അലാം മുഴക്കുകയും ചെയ്ത മലയാളിയായ ഏലിയാമ്മയേയും മറ്റൊരു സഹായിയേയുമാണ് സബ പ്രശംസ കൊണ്ടു മൂടിയത്.

സെയ്ഫ് അലി ഖാന്റെ ഇളയമകൻ ജഹാൻഗീറിന്റെ ആയയാണ് മലയാളി കൂടിയായ ഏലിയാമ്മ. ‘ആരും പാടിപ്പുകഴ്ത്താത്തവർ’ എന്നാണ് ഇവരെ സബ വിശേഷിപ്പിച്ചത്. രണ്ടുപേർക്കുമൊപ്പം പലപ്പോഴായി എടുത്തിട്ടുള്ള സെൽഫികളും സബ പങ്കുവച്ചു.

സമയോചിതമായി ധൈര്യത്തോടെ ഇടപെട്ട രണ്ടുപേർക്കും നന്ദി. ആരും പാടിപ്പുകഴ്ത്തപ്പെടാത്തവരാണ് നിങ്ങൾ. എന്റെ സഹോദരനെയും കുടുംബത്തെയും ആപത്‌ഘട്ടത്തിൽ സംരക്ഷിച്ചതിനു നന്ദി. നിങ്ങൾ അനുഗ്രഹിക്കപ്പെടട്ടെ. നിങ്ങൾ ഏറ്റവും മികച്ചവരാണ്,' സബ പറഞ്ഞു.

അതിക്രമിച്ചു കയറി അപായപ്പെടുത്താൻ ശ്രമിച്ച അക്രമിയെ ചങ്കുറപ്പോടെ നേരിട്ട സെയ്ഫ് സുഖംപ്രാപിച്ചു വരികയാണ്. തന്റെ കുഞ്ഞുങ്ങളെ സുരക്ഷിതനാക്കിയ ശേഷം അക്രമിയെ മനഃസാന്നിദ്ധ്യത്തോടെ നേരിട്ട സെയ്ഫിനെ നാട് വാഴ്ത്തിയപ്പോൾ രക്ഷകയായ ഏലിയാമ്മയേയും ഏവരും പുകഴ്ത്തി.

ആക്രമണത്തിന്റെ ദൃക്സാക്ഷിയും വീട്ടിലെ സഹായിയുമായിരുന്നു ഏലിയാമ്മ. വ്യാഴാഴ്ച പുലർച്ചെ കുട്ടികളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടപ്പോൾ ഉറങ്ങുന്ന കുട്ടികളെ നോക്കാൻ കരീന മുറിയിലേക്ക് വന്നു എന്നാണ് ആദ്യം കരുതിയതെന്ന് ഏലിയാമ്മ പറയുന്നു. എന്നാൽ, ശബ്ദത്തിൽ അസ്വാഭാവികത തോന്നിയതോടെ ഏലിയാമ്മ അപകട സൈറൺ മുഴക്കുകയായിരുന്നു. സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും ഇളയ മകൻ ജെഹ് എന്നു വിളിക്കുന്ന ജഹാംഗീറിന്റെ നാനിയാണ് മലയാളിയായ ഏലിയാമ്മ.

എന്നെ കണ്ടതും അക്രമി 'കോയി ആവാസ് നഹി, കോയി ബാഹർ നഹി ജായേഗാ....!' (ഒച്ചയുണ്ടാക്കരുത്. ആരും പുറത്തേക്ക് പോവില്ല) എന്ന് പറഞ്ഞു.

saba-2

ഉടനെ ഞാൻ ജെഹിനെ വാരിയെടുത്തു. അപ്പോഴേക്കും വടിയും ഹാക്സോ ബ്ലേഡും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അക്രമിയോട് എന്താണ് ആവശ്യം എന്ന് ചോദിച്ചപ്പോൾ, ‘ഒരു കോടി രൂപ’ എന്നു പറഞ്ഞു. അപ്പോഴേക്കും ജെഹ് എന്റെ കൈയിൽ നിന്നും ചാടിയിറങ്ങി മുറിക്കു പുറത്തേക്ക് കരഞ്ഞുകൊണ്ട് ഓടി. ജെഹിന്റെ കരച്ചിൽ കൂടി കേട്ടതോടെ സെയ്ഫും കരീനയും കിടപ്പുമുറിയിൽ നിന്ന് പുറത്തേക്കോടിയെത്തി.

അക്രമിയെ കണ്ട സെയ്ഫ് ചോദിച്ചു, 'നിങ്ങൾ ആരാണ്? എന്തുവേണം?'. തുടർന്ന് അക്രമി ആറു തവണ സെയ്ഫിനെ കുത്തുകയായിരുന്നു. ഇതെല്ലാം കണ്ടു പേടിച്ച തൈമൂറിന്റെ നാനിയായ ഗീത പുറത്തേക്ക് ഓടിയപ്പോൾ അക്രമി അവരെയും ബ്ലേഡ് പോലുള്ള ആയുധം വച്ച് ഉപദ്രവിച്ചു.

കുത്തേറ്റ സെയ്ഫിന് ആശുപത്രിയിലേക്കു പോകുന്നതിനായി ഓട്ടോറിക്ഷ വിളിച്ചതും ഏലിയാമ്മയാണ്. ഉത്തരാഖണ്ഡ് സ്വദേശിയായ റാണയുടെ ഓട്ടോയിലാണ് നടനെ ആശുപത്രിയിലെത്തിച്ചത്.