Saturday 15 December 2018 10:26 AM IST : By സ്വന്തം ലേഖകൻ

സഫലമായത് പത്തു വർഷത്തെ ‘നിശബ്ദപ്രണയം’; സൈനയും കശ്യപും വിവാഹിതരായി

saina-photo

ഒരു നിശബ്ദ പ്രണയത്തിന്റെ സാക്ഷാത്കാരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ബാഡ്മിന്റണിൽ ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയ രണ്ടുപേർ, ജീവിത വഴിയിലും അവർ ഒരുമിച്ചപ്പോൾ ആരാധകർ അത് ഹൃദയം കൊണ്ട് സ്വീകരിച്ചു. 10 വർഷത്തെ പ്രണയത്തിനൊടുവിൽ സൈന നെഹ്‍വാളും പി കശ്യപും വിവാഹിതരായെന്ന കഴിഞ്ഞ ദിവസമാണ് പുറത്തു വരുന്നത്. ട്വിറ്ററിലൂടെ സൈന തന്നെവിവാഹ വാര്‍ത്ത പുറത്തുവിട്ടതോടെയാണ് താരകല്യാണത്തിന്റെ വിശേഷം ആരാധകർ അറിയുന്നത്. 2005–മുതല്‍ ഗോപീചന്ദ് അക്കാദമിയില്‍ ഇരുവരും ഒന്നിച്ചായിരുന്നു പരിശീലനം.

2005ൽ പുല്ലേല ഗോപീചന്ദിന്റെ ബാഡ്മിന്റൻ അക്കാദമിയിൽ വച്ചു കണ്ടുമുട്ടിയ ഇരുവരും പിന്നീട് തങ്ങൾക്കിടയിൽ ഉടലെടുത്ത പ്രണയം അതീവ രഹസ്യമാക്കി വയ്ക്കുകയായിരുന്നു. കിഡംബി ശ്രീകാന്ത്, സായ് പ്രണീത്, ഗുരു സായ്ദത്ത് തുടങ്ങിയ ഉറ്റ സുഹൃത്തുക്കൾക്കു മാത്രമേ ഇവരുടെ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുള്ളൂ.

ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വനിതാ സിംഗിൾസിൽ സ്വർണം നേടിയ ശേഷം കശ്യപിന് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെക്കുറിച്ച് സൈന തുറന്നുപറഞ്ഞിരുന്നു. ഒളിംപിക്സിൽ വെങ്കലവും ലോക ചാംപ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുള്ള താരമാണ് ഇരുപത്തിയെട്ടുകാരിയായ സൈന. അതേസമയം, 2013ൽ ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തെത്തിയിട്ടുള്ള താരമാണ് പി.കശ്യപ്. 2014ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി.

ബാഡ്മിന്റനിലെ നവ ദമ്പതികൾ

പി.കശ്യപും സൈന നെഹ്‌വാളും വിവാഹിതരായതോടെ ബാഡ്മിന്റൻ താരങ്ങൾ തമ്മിലുള്ള വിവാഹ ചരിത്രത്തിന്റെ ഭാഗമാകുകയാണ് ഇരുവരും. ചൈനയുടെ ലിൻ ഡാൻ – സിയ സിൻഫാങ്, ഇന്തൊനേഷ്യയുടെ സൂസി സുശാന്തി–അലൻ ബുദികുസുമ, ബ്രിട്ടന്റെ ക്രിസ്–ഗാബി ആഡ്കോക്, ഇന്ത്യൻ താരങ്ങളായ സയ്യിദ് മോദി–അമീത കുൽക്കർണി, മധുമിത ഗോസ്വാമി–വിക്രം സിങ് ഭിസ്റ്റ് തുടങ്ങിയവരാണ് പ്രശ്സ്തരായ ബാഡ്മിന്റൻ ദമ്പതികൾ.

ഇന്ത്യയിൽ കായിക താരങ്ങൾ തമ്മിലുള്ള വിവാഹ ചരിത്രത്തിലെയും ഒടുവിലത്തെ കണ്ണിയാണ് സൈനയും കശ്യപും. സാക്ഷി മാലിക്–സത്യവാർത് കദിയാൻ, ദിനേഷ് കാർത്തിക്–ദീപിക പള്ളിക്കൽ, ഗീത ഫോഗട്ട്–പവൻ കുമാർ, ഇഷാന്ത് ശർമ–പ്രതിമാ സിങ് തുടങ്ങിയവർ ഇന്ത്യയിലെ കായിക ദമ്പതികളാണ്.