Monday 18 June 2018 11:56 AM IST : By സ്വന്തം ലേഖകൻ

‘പശുവിനേക്കാൾ കൂടുതൽ പച്ചില എനിക്ക് തിന്നേണ്ടി വന്നിട്ടുണ്ട്’; രോഗകാലത്തെ ഓർത്തെടുത്ത് സലിംകുമാർ

alim

മിമിക്രി വേദികളിൽ നിന്നും തുടങ്ങിയ കലാസപര്യ. ഒടുവിൽ മലയാള സിനിമയുടെ അവിഭാജ്യഘടകമായി വരെ മാറി സലിംകുമാർ എന്ന കലാകാരൻ. പ്രതിസന്ധികളെ അതിജീവിച്ചെത്തിയ ഈ കലാകാരന് മുന്നിൽ അവസരങ്ങൾ ഒന്നിനു പുറകേ ഒന്നായി വഴിതുറന്നു. എന്നാൽ വ്യക്തി ജീവിതത്തിൽ സലിംകുമാർ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി തന്റെ രോഗകാലമായിരുന്നു.

പ്രതിസന്ധികളെ വകഞ്ഞുമാറ്റിയുള്ള ജീവിതയാത്രയെ ഓർത്തെടുക്കുന്ന സലിംകുമാർ തന്റെ രോഗകാലത്തെക്കുറിച്ചും വാചാലനാകുകയാണ്.

''അവിടെ പോണം, ഇവിടെ പോണം എന്നിങ്ങനെ ഉപദേശങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കാലമായിരുന്നു അത്. ഒരു പശുവിനേക്കാള്‍ കൂടുതല്‍ പച്ചിലയും പുല്ലും മറ്റും തിന്നു. നാട്ടുവൈദ്യന്മാരുടെയുേം ഒറ്റമൂലിക്കാരുടെയും ഏജന്റുമാര്‍ വീട്ടുപടിക്കല്‍ കാവല്‍ നിന്നു.''-സലിംകുമാര്‍ പറയുന്നു.

രോഗം മാറ്റാന്‍ ദിവ്യന്മാര്‍ അവതരിച്ചു. ഇലകളും പൊടികളും കഷായങ്ങളും അകത്താക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലായി. തുടര്‍ന്ന് ആദ്യം
ചികിത്സിച്ച ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കൊച്ചിയിലെ അമൃതാ ആശുപത്രിയിലേക്ക്. അവിടെ ഡോ സൂചീന്ദ്രന്‍, ഡോ.ഷൈന്‍ എന്നിവര്‍ ചികിത്സ എറ്റെടുത്തു

ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുക എന്നത് അനുഭവിച്ചതില്‍ വെച്ച് ഏറ്റവും വലിയ സങ്കടങ്ങളായിരുന്നു ആ കാലത്ത്. മേലാസകലം ചൊറിച്ചിലും ഉറക്കമില്ലായ്മയും. ക്രോണിക്ക് ലിവര്‍ ഡിസീസിന്റെ ഭാഗമായിരുന്നു. ശരീരത്തില്‍ എവിടെയും സൂചി കുത്താന്‍ ബാക്കി ഇല്ലാത്തതിനാല്‍ ഭൂമിയിലെ മാലാഖമാര്‍ ഞരമ്പു തിരയുന്നതിനിടയില്‍ പറഞ്ഞു.

'ഞങ്ങളും ഭാഗ്യവതികളാണ്. സാറിനെയും ചികിത്സിക്കാന്‍ സാധിച്ചല്ലോ. ഇതിനു മുന്‍പ് ഞങ്ങള്‍ കുറെ നടന്മാരെ ചികിത്സിച്ചിട്ടുണ്ട്....'ഞെട്ടിയത് അവര്‍ ആരൊക്കെ എന്ന് കേട്ടപ്പോഴായിരുന്നു, എംജി സോമന്‍, രാജന്‍ പി ദേവ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നരേന്ദ്രപ്രസാദ്,കൊച്ചിന്‍ ഹനീഫ. അടുത്തത് ഞാനാകുമോ എന്ന ചോദ്യം അവരെയും അമ്പരിപ്പിച്ചു കാണും.

വലിയ ശസ്തക്രിയയ്ക്ക് മുമ്പേയുളള പ്രീ ഓപ്പറേഷന്‍ കൗണ്‍സിലിങ്ങില്‍ രോഗിയുടെ തമാശകള്‍ കേട്ട് ഡോക്ടര്‍മാര്‍ ചിരിച്ചു. തിയ്യേറ്ററും ഐസിയുവും ഒകെ ഒന്ന് കാണണം എന്നായിരുന്നു എന്റെ ആവശ്യം. ആത്മവിശ്വാസത്തോടെ മഞ്ഞുമൂടിയതു പോലുളള ജനല്‍ചില്ലുകളുളള ഓപ്പറേഷന്‍ തിയ്യേറ്ററും ഐസിയുവും ഒകെ കണ്ടു.

ഡോക്ടറോട് പറഞ്ഞു. എന്റെ കരള്‍ എനിക്ക് കാണാന്‍ പറ്റാത്തതിനാല്‍ അതിന്റെ ഒരു ഫോട്ടോയെടുത്ത് എനിക്ക് വാട്സ്അപ്പില്‍ അയച്ചുതരണം എന്ന്. ഓപ്പറേഷന്‍ കഴിഞ്ഞ് മൂന്നാം ദിവസം മുറിയിലേക്ക്, ആത്മവിശ്വാസം വിജയിച്ചു. സലീംകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.