Saturday 27 February 2021 03:30 PM IST : By സ്വന്തം ലേഖകൻ

'സ്‌കൂളില്‍ പോകുന്ന രണ്ട് കുഞ്ഞുങ്ങളുടെ അമ്മ'; സിനിമയിലേക്ക് ഒരു തിരിച്ചു വരവില്ലെന്ന് ശാലിനി

salini-new-foto

മലയാളക്കര സ്വന്തം മകളെ പോലെ സ്‌നേഹിച്ച നായികയാണ് ശാലിനി. ബാലതാരമായി സിനിമയിലെത്തി നായികയായി ഉയര്‍ന്ന് ഹൃദയങ്ങള്‍ കീഴടക്കിയ നായിക. തമിഴകത്തിന്റെ സ്വന്തം തലയായ അജിത്തിനെ വിവാഹം കഴിച്ച ശേഷം അഭിനയത്തോട് പൂര്‍ണമായും ഗുഡ്‌ബൈ പറഞ്ഞു താരം. എന്നാല്‍ ശാലിനി അഭിനയരംഗത്തേക്ക് മടങ്ങി വരുന്നുവെന്ന പ്രചാരണങ്ങളും കൊഴുക്കുന്നുണ്ട്. 

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ ശെല്‍വത്തില്‍ ശാലിനി അഭിനയിക്കുന്നുണ്ടെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത്തരം പ്രചരണങ്ങളോട് ഇതാദ്യമായി മറുപടി പറയുകയാണ് താരം. 

സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശാലിനി.സിനിമയിലേക്ക് ഇനിയൊരു മടങ്ങി വരവ് സാധ്യമല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. 

'പ്രയാസകരമായ ഒരു കാര്യമാണത്. സ്ഥിരമായ ഒരു സ്ഥലത്തല്ലാതെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭര്‍ത്താവും സ്‌കൂളില്‍ പോകുന്ന രണ്ടു കുഞ്ഞുങ്ങളും ഞാന്‍ എന്തുചെയ്യും.പല നടിമാരും മക്കള്‍ ജനിച്ച ശേഷവും സിനിമയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന പ്രതീക്ഷയില്ല. കാരണം അത് കുടുംബ ജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ട് എന്നും ശാലിനി കൂട്ടിച്ചേര്‍ത്തു.