Thursday 23 July 2020 11:46 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ചിത്രങ്ങൾ അവരെ സങ്കടപ്പെടുത്തുന്നുവെന്നു പറഞ്ഞപ്പോൾ ഞാൻ ഞെട്ടി’! നരച്ച മുടിയും മേക്കപ്പ് ഇല്ലാത്ത മുഖവുമായി സമീറ

sameera

ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് വിഡിയോയുമായി നടി സമീറ റെഡ്ഡി. തന്റെ നരച്ച മുടിയും മേക്കപ്പ് ഇല്ലാത്ത മുഖവും വെളിപ്പെടുത്തുന്ന വിഡിയോ പങ്കുവച്ച് താരം പറയുന്നതും കുറിച്ചതും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

‘ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു. പ്രസവത്തിനു ശേഷം അവരെ കാണാൻ ഒട്ടും സൗന്ദര്യമില്ലെന്നും തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നുമായിരുന്നു സന്ദേശം. എന്റെ ചിത്രങ്ങൾ അവരെ സങ്കടപ്പെടുത്തുന്നുവെന്നും പറഞ്ഞപ്പോൾ ഞാൻ ഞെട്ടി. അതുകൊണ്ടാണ് ഉറക്കമുണർന്ന രൂപത്തിൽ ഒട്ടും മേക്കപ്പ് ഉപയോഗിക്കാതെ നിങ്ങളുടെ മുന്നിൽ എത്താൻ തീരുമാനിച്ചത്’. – സമീര പറയുന്നു.

ഏതു രൂപത്തിലായാലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക എന്നതാണ് പ്രധാനം. അമ്മയെന്ന അവസ്ഥ ആസ്വദിക്കാൻ ശ്രമിക്കൂ. സന്തോഷത്തിൽ ഫോക്കസ് ചെയ്യൂ. സമയമാകുമ്പോൾ അനാവശ്യ ഫാറ്റ് കുറയ്ക്കുന്നതിനെക്കുറിച്ചൊക്കെ ചിന്തിക്കാം. പക്ഷേ, ഇപ്പോൾ വേണ്ടത് മെലിയാനുള്ള പരിശ്രമമല്ല, ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണെന്നും താരം.

എന്നെ താരതമ്യം ചെയ്ത് സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഞാനൊരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. എന്റെ മെലിഞ്ഞ കസിൻസുമായി എപ്പോഴും എന്നെ താരതമ്യം ചെയ്യാറുണ്ടായിരുന്നു. സിനിമയിൽ വന്നപ്പോഴും എന്റെ സഹതാരങ്ങളുമായി ഞാൻ താരതമ്യം ചെയ്യപ്പെട്ടു. അതുമൂലം, ഞാൻ തന്നെ കുറെ ഭ്രാന്തമായ കാര്യങ്ങൾ ചെയ്തു കൂട്ടിയിട്ടുണ്ട്. നിറം വർധിപ്പിക്കാനും കണ്ണുകൾ തിളങ്ങാനും ക്രീമുകളും അഴകളവുകളിൽ ഫിറ്റ് ആകാൻ പാഡുകളും വരെ ഉപയോഗിച്ചിട്ടുണ്ട്. അവസാനം എനിക്ക് തന്നെ സ്വയം ബോറായി തോന്നാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങിയതെന്നും സമീറ പറഞ്ഞു.