Saturday 17 November 2018 12:16 PM IST : By സ്വന്തം ലേഖകൻ

‘മിഠായിക്കടയിലെത്തിയ കുട്ടിയെപ്പോലെയായി ഞാൻ’; വീണ്ടും ജിമ്മിലെത്തിയ സന്തോഷം പങ്കുവച്ച് സാനിയ

saniya-mirza-at-gym

പ്രസവം കഴിഞ്ഞ് വെറും ദിവസങ്ങൾ മാത്രം, ജിമ്മിൽ വീണ്ടും വർക്കൗട്ട് തുടങ്ങി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. സാധാരണ പ്രസവശേഷം സ്ത്രീകൾ മൂന്ന് മാസത്തോളം റെസ്റ്റ് എടുക്കാറുണ്ട്. എന്നാൽ അത്തരം ആചാരങ്ങളെല്ലാം മാറ്റിവച്ച് ഫിറ്റ്നസ്സിനായി ജിമ്മിൽ എത്തിയിരിക്കുകയാണ് സാനിയ. പ്രസവ കാലത്ത് വണ്ണം കൂടിയതിന്റെ പേരിൽ താരത്തിന് ആരാധകരിൽ നിന്ന് ഏറെ പഴി കേട്ടിരുന്നു. അന്ന് സാനിയ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.

ജിമ്മില്‍ വീണ്ടും തിരികെ എത്തിയതിന്റെ സന്തോഷം സാനിയ തന്നെയാണ് പങ്കുവച്ചത്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. "മാസങ്ങള്‍ക്ക് ശേഷം, എന്റെ കുഞ്ഞ് വന്നതിനുശേഷം ഇന്നലെ ആദ്യമായി ഞാൻ ജിമ്മിലെത്തി. മിഠായി കടയിലെത്തിയ കുട്ടിയെ പോലെയായിരുന്നു എന്റെ മാനസികാവസ്ഥ. മാനസികമായും ശാരീരികമായും പഴയ നിലയിലെത്തുക എന്നത് വലിയ യാത്രയാണ്. അത് എന്റെ ജന്മദിനത്തില്‍ തന്നെ എന്തുകൊണ്ട് ആയിക്കൂട?’- സാനിയ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സാനിയയ്ക്ക് 32 വയസ് തികഞ്ഞത്. മകനുമൊത്തുള്ള പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ ഭര്‍ത്താവ് ശൊയ്ബ് മാലിക് ട്വിറ്ററിൽ പങ്കുവച്ചിരുന്നു. "എന്റെ മകൻ പിറന്നിട്ട് 16 ദിവസം തികയുന്ന അന്നാണ് എന്റെ ഭാര്യ 16 വയസ്സ് ചെറുപ്പമായത്, ഒപ്പം എന്റെ അമ്മായിയമ്മയും. ദൈവത്തിന് നന്ദി!"- ഇതായിരുന്നു ശൊയ്ബിന്റെ ട്വീറ്റ്. പിറന്നാൾ ദിനത്തിൽ ആശംസ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് സാനിയയും ട്വീറ്റ് ചെയ്തിരുന്നു.