Wednesday 12 September 2018 11:27 AM IST : By സ്വന്തം ലേഖകൻ

‘ഇത് ബേബി ഷവർ ആണെന്ന് കരുതരുതേ...’; സാനിയ ആളാകെ മാറി–ചിത്രങ്ങൾ

sania

ആദ്യത്തെ കൺ‌മണിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരുടെ പ്രിയപ്പെട്ട സാനിയ മിർസ. സാനിയയും ഭർത്താവും പാക് ക്രിക്കറ്റ് താരവുമായ ഷോയബ് മാലിക്കും നാളുകൾക്ക് മുമ്പേ അറിയിച്ച ആ സന്തോഷ വാർത്തയിലേക്ക് അടുക്കാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം.

ഗർഭകാലത്തിന്റെ ഇടവേളയിലാണെന്നു കരുതി ആഘോഷങ്ങളോട് കോംപ്രമൈസ് പറയാൻ ടെന്നീസ് റാണി ഒരുക്കമല്ല. ഇപ്പോഴിതാ പൈജാമ പാർട്ടിയിലെ കുറേ രസകരമായ നിമിഷങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ രംഗപ്രവേശം ചെയ്തിരിക്കുകയാണ് സാനിയ. സാനിയയും സഹോദരി അനം മിർസയും മറ്റുബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചേർന്ന് പൈജാമ പാർട്ടി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

മൃഗങ്ങളുടെ രൂപത്തിലുള്ള പൈജാമാ വേഷങ്ങൾ അണിഞ്ഞാണ് ഇരുവരും പാർട്ടിയിലെത്തിയത്. പച്ചനിറത്തിലുള്ള പൈജാമയണിഞ്ഞെത്തിയ സാനിയയെ കാണാൻ ബഹുരസമെന്നാണ് ആരാധകരുടെ കമന്റ്. സഹോദരിയാകട്ടെ പിങ്ക് നിറത്തിലുള്ള ബണ്ണി പൈജാമയാണ് അണിഞ്ഞത്.

ആഘോഷവേളയിൽ കേക്കുമുറിക്കുന്ന വിഡിയോയ്ക്ക് അടിക്കുറിപ്പായി സാനിയ നൽകിയതാകട്ടെ ഭർത്താവ് ശുഐബിനെ മിസ് ചെയ്യുന്നുണ്ടെന്നാണ്. അതേസമയം ചിത്രങ്ങൾ കണ്ട് ‘ബേബി ഷവർ ചിത്രങ്ങളാണെന്ന് തെറ്റിദ്ധരിക്കരുതേ’ എന്നും സാനിയ ഓർമ്മിപ്പിക്കുന്നു.

നേരത്തെ ഗർഭകാലത്തിന്റെ ഇടവേളയിലുംടെന്നീസ് പരിശീലിക്കുന്ന സാനിയയുടെ ചിത്രങ്ങൾ വൈറലായിരുന്നു. നിത്യേനയുള്ള വ്യായാമങ്ങൾക്കൊപ്പം ടെന്നീസിനെയും കൂടെക്കൂട്ടുകയാണ് ഇന്ത്യയുടെ ടെന്നീസ് റാണി.