Monday 05 November 2018 10:30 AM IST : By സ്വന്തം ലേഖകൻ

അമ്മയുടെ മടിയിലിരുന്ന് ബാബയുടെ കളികണ്ട് ഇസാൻ; ഇതാ സാനിയയുടെ രാജകുമാരൻ–ചിത്രങ്ങൾ

sania

സാനിയയുടേയും ശുഹൈബ് മാലിക്കിന്റെ കൺമണിയെ ഒരു നോക്ക് കാണാൻ കണ്ണുംനട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. തങ്ങളുടെ ലോകത്തേക്ക് ഇസാൻ മിർസയെത്തിയെന്ന സന്തോഷവാർത്ത ശുഹൈബ് പങ്കുവച്ച അന്നു തുടങ്ങിയതാണീ കാത്തിരിപ്പ്. ഇതിനിടെ കുഞ്ഞ് ഇസാൻ ബാബയെപ്പോലെ ക്രിക്കറ്റ് പ്ലെയറാകുമോ അതോ അമ്മയെപ്പോലെ ടെന്നീസ് താരമാകുമോ എന്ന ആകാംക്ഷ പങ്കുവയ്ക്കുന്നവരും ചെറുതല്ല. ഇങ്ങനെയൊക്കെയാണെങ്കിലും കുഞ്ഞ് ഇസാൻ ക്രിക്കറ്റില്‍ ഒരു ‘കണ്ണ് വച്ചിട്ടുണ്ടെന്ന്’ വ്യക്തമാക്കുകയാണ് സോഷ്യൽ മീഡിയയിൽ പാറിക്കളിക്കുന്ന ഒരു ചിത്രം.

saina-3

തുടര്‍ച്ചയായി പതിനൊന്നാം ട്വന്റി–ട്വന്റി പരമ്പര വിജയമെന്ന നേട്ടം പാകിസ്താന്‍ സ്വന്തമാക്കുമ്പോള്‍ അതിന് സാക്ഷിയായി പുതിയൊരു ആരാധകൻ കൂടിയുണ്ടായിരുന്നു. ദുബായിയിൽ കിവീസിനെതിരെ നടന്ന ട്വന്റി–ട്വന്റി മത്സരം ഹൈദരാബാദിലെ വീട്ടിൽ അമ്മയ്ക്കൊപ്പമിരുന്ന് ഇസാനും കണ്ടു. ബാബ ശുഹൈബ് മാലിക്ക് സിക്സർ പറത്തുന്നതും, ബാബയുടെ ടീം ജയിക്കുന്നതിനുമെല്ലാം കുഞ്ഞ് ഇസാനും സാക്ഷിയായി. ഹൃദ്യമായ ആ ചിത്രം സാനിയ ട്വീറ്റ് ചെയ്തതോടെയാണ് സോഷ്യൽ മീഡിയയിൽ ലോകത്തിന്റെ കണ്ണുടക്കിയത്.

sania-1

'ഞങ്ങള്‍ ഈ ഭൂമിയിലേക്ക് വന്നിട്ട് അഞ്ചു ദിവസമായിരിക്കുന്നു. അമ്മയെന്ന  നിലയില്‍ ഞാനും എന്റെ മകനായി കുഞ്ഞു ഇസാനും. വീട്ടിലെത്തിയതിന് ശേഷം ബാബ ക്രിക്കറ്റ് കളിക്കുന്നത് പോലും ഞങ്ങളൊരുമിച്ച് കണ്ടു. ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച മത്സരവും നേട്ടവുമാണിത്. എന്റെ ഏറ്റവും വലിയ വിജയം. ഈ അനുഭവത്തെ എങ്ങനെ വിശേഷിപ്പിക്കണം എന്നെനിക്കറിയില്ല. സാനിയ ട്വീറ്റ് ചെയ്തു. ഒപ്പം ഇസാന്‍ ടി.വിയില്‍ ബാബയുടെ ബാറ്റിങ് കാണുന്ന ചിത്രവും സാനിയ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. 

ഇതിനിടെ ഇസാൻ പിറന്നുവീണ റെയിന്‍ബോ ചില്‍ഡ്രണ്‍സ് ആശുപത്രിയില്‍ നിന്നുമുള്ള കൂടുതൽ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. സാനിയ കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് നടന്നു വരുന്ന ചിത്രമാണിത്. ചിത്രങ്ങൾ ശുഹൈബ് മാലിക്കും പങ്കുവച്ചിട്ടുണ്ട്.

ശുഹൈബിന് ഒരു പെണ്‍കുട്ടി വേണമെന്നാണ് ആഗ്രഹമെന്ന് സാനിയ മുൻപ് പറഞ്ഞിരുന്നത്. തങ്ങൾക്കു ജനിക്കുന്ന കുട്ടിയുടെ സർ നെയിമിനെ കുറിച്ചും സാനിയ വ്യക്തമാക്കിയിരുന്നു.

ഏഴ് വര്‍ഷം മുൻപാണ് സാനിയാ മിര്‍സ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ഷുഹൈബ് മാലിക്കിനെ വിവാഹം കഴിച്ചത്.

ഇതിനിടെ ഇസാൻ വളർന്നു വലുതാകുമ്പോൾ ആരായിത്തീരുമെന്നാണ് സോഷ്യൽ ലോകത്തൂടെ ആരാധകർ ചോദിക്കുന്നത്. അമ്മയെപ്പോലെ ടെന്നീസ് താരമോ അതോ അച്ഛനെപ്പോലെ ക്രിക്കറ്റ് താരമോ? സാനിയയുടെ മറുപടി ഇങ്ങനെ. ഗർഭിണിയായിരിക്കുമ്പോൾ സാനിയ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് വാചാലയാകുകയാണ് സാനിയ വിഡിയോയിൽ.

sania-2

കുഞ്ഞ് ആണായാലും പെണ്ണായാലും സ്വന്തം സ്വപ്നങ്ങൾക്കൊപ്പം വളരണം. കുഞ്ഞ് വലുതാകുമ്പോൾ ടെന്നീസ് കളിക്കാരനോ ക്രിക്കറ്റ് താരമോ ആകാൻ ചിലർ പറയും. പക്ഷെ, നിന്റെ ഭാവി നീ തന്നെ തീരുമാനിക്കുക. നീ ക്രിക്കറ്റ് ബാറ്റോ ടെന്നീസ് റാക്കറ്റോ തിരഞ്ഞെടുക്കണമെന്നില്ല. നിനക്ക് ഗിറ്റാറോ ചെല്ലോയോ പേനയോ തിരഞ്ഞെടുക്കാം. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്.– സാനിയ പറയുന്നു.