Saturday 23 March 2019 02:32 PM IST : By സ്വന്തം ലേഖകൻ

‘ഇസ്സീ വാവേ...ആ റാക്കറ്റ് വലുതാണേ...’; ഇതാ സാനിയയുടെ കൺമണി; ക്യൂട്ട് ചിത്രങ്ങൾ

sania-1

സോഷ്യൽമീഡിയയും സ്പോർട്സ് പ്രേമികളും ഒരു സെലിബ്രിറ്റി കിഡിനു പിന്നാലെയാണ്. സാനിയ മിർസ–ശുഹൈബ് മാലിക് ദമ്പതികളുടെ കടിഞ്ഞൂൽ കൺമണി ഇസ്ഹാന്‍ മിര്‍സ മാലിക്കിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ആരാധകരുടെ പ്രിയതാരം സാനിയ അമ്മയായെന്ന് അറിഞ്ഞതുമുതൽ ആ പൈതലിനെ ഒരു നോക്കു കാണാൻ കാത്തിരിക്കുകയായിരുന്നു സോഷ്യൽ മീഡിയ. മകനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഓരോ കുറിപ്പും സോഷ്യൽ മീഡിയ സ്നേഹപൂർവ്വം ഏറ്റെടുക്കുകയും ചെയ്യും.

ഇപ്പോഴിതാ ഇസ്ഹാന്റെ മനോഹരമായൊരു ചിത്രം സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സാനിയ. കയ്യിലൊതുങ്ങാത്ത ഒരു റാക്കറ്റുമായി അമ്മയുടെ മടിയിലിരിക്കുന്ന ഇസ്ഹാനെയാണ് ചിത്രത്തിൽ കാണാനാകുന്നത്. ' ഇസ്സീ ഈ റാക്കറ്റ് നിനക്ക് അല്പം വലുതായിരിക്കും' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'അവനൊരു ക്രിക്കറ്റ് ബാറ്റ് കൊടുക്കൂ' എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

കുഞ്ഞ് ഇസ്ഹാൻ വളർന്ന് വലുതാകുമ്പോൾ ആരാകും എന്ന ചോദ്യത്തിനും സാനിയയുടെ പക്കൽ കൃത്യമായ ഉത്തരമുണ്ട്. 'കുഞ്ഞ് ആണായാലും പെണ്ണായാലും സ്വന്തം സ്വപ്നങ്ങൾക്കൊപ്പം വളരണം. കുഞ്ഞ് വലുതാകുമ്പോൾ ടെന്നീസ് കളിക്കാരനോ ക്രിക്കറ്റ് താരമോ ആകാൻ ചിലർ പറയും. പക്ഷെ, നിന്റെ ഭാവി നീ തന്നെ തീരുമാനിക്കുക. നീ ക്രിക്കറ്റ് ബാറ്റോ ടെന്നീസ് റാക്കറ്റോ തിരഞ്ഞെടുക്കണമെന്നില്ല. നിനക്ക് ഗിറ്റാറോ ചെല്ലോയോ പേനയോ തിരഞ്ഞെടുക്കാം. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്.'– സാനിയ പറയുന്നു.

മറ്റൊരു മനോഹരമായ ചിത്രം കൂടെ സാനിയ പങ്കുവച്ചിട്ടുണ്ട്. അമ്മ നസീമ മിർസയും മകനുമൊപ്പമുള്ള ഈ ചിത്രത്തിനും ആരാധകരേറെയാണ്.

2010 ഏപ്രിൽ 12 നാണ് പാക്കിസ്ഥാൻ ക്രിക്കറ്ററായ ഷൊയ്ബും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബർ 30 നായിരുന്നു ഇരുവർക്കും ഇസാന്‍ മിര്‍സ മാലിക് എന്ന ആൺകുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാന്‍ മിര്‍സ മാലിക് എന്ന പേരിന് അര്‍ത്ഥം. ഇസാൻ വളർന്നു വലുതാകുമ്പോൾ ആരായിത്തീരുമെന്നാണ് ആരാധകർ ചോദിക്കുന്നത്.