Wednesday 12 August 2020 09:47 AM IST : By സ്വന്തം ലേഖകൻ

‘ചികിത്സയ്ക്കായി ഞാൻ ഇടവേള എടുക്കുന്നു’! സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്: താരം യു.എസിലേക്ക്

sanjay-dutt

ചികിത്സയുടെ ആവശ്യത്തിനായി കുറച്ചുകാലം അഭിനയത്തിൽ നിന്നും മറ്റു തിരക്കുകളിൽ നിന്നും മാറിനിൽക്കുകയാണെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. താൻ ചികിത്സയുടെ ആവശ്യത്തിനായി വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യമായി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും താരം അഭ്യർത്ഥിച്ചു.

അതേ സമയം, സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ട്രേഡ് അനലിസ്റ്റ് കോമൾ നാഹ്തയാണ് അദ്ദേഹത്തിന്റെ രോഗവിവരം സംബന്ധിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച് വാർത്ത നൽകി. ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് അർബുദ ബാധയെന്നും അദ്ദേഹം രോഗത്തിന്റെ നാലാം ഘട്ടത്തിലാണെന്നുമാണ് റിപ്പോർട്ട്. ചികിത്സയ്ക്കായി ദത്തും കുടുംബവും ഉടനെ യു.എസിലേക്ക് തിരിക്കും.

“സുഹൃത്തുക്കളെ. ചികിത്സയ്ക്കായി ഞാൻ ജോലിയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു. എന്റെ കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്, വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് ഞാൻ എന്റെ അഭ്യുദയകാംക്ഷികളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സ്നേഹത്തോടും ആശംസകളോടും കൂടി ഞാൻ ഉടൻ മടങ്ങിവരും” – താരം കുറിച്ചു.

നെഞ്ചിൽ അസ്വസ്ഥതയും ശ്വസിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനാൽ ഓഗസ്റ്റ് എട്ടിന് 61 കാരനായ സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് 10 ന് ഡിസ്ചാർജ് ചെയ്തു.