Thursday 13 August 2020 09:47 AM IST : By സ്വന്തം ലേഖകൻ

സഞ്ജു ഒരു പോരാളിയാണ്...ഇതും കടന്നുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്! ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാന്യത ദത്ത്

sanjay-dutt

ബോളിവു‍ഡ് താരം സഞ്ജയ് ദത്ത് ശ്വാസകോശ അർബുദത്തിന് ചികിത്സയ്ക്കായി യു.എസിലേക്ക് പോകുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് പ്രേക്ഷകരും സിനിമാ ലോകവും കേട്ടത്. കഴിഞ്ഞ ദിവസമാണ് താൻ ചികിത്സയ്ക്കായി അഭിനയത്തിൽ നിന്നു മാറി നിൽക്കുന്നതായി താരം പറഞ്ഞത്. ചികിത്സയുടെ ആവശ്യത്തിനായി വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യമായി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും താരം ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു.

ഇപ്പോഴിതാ, താരത്തിന്റെ ഭാര്യ മാന്യത ദത്തും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നു. സഞ്ജയ് എപ്പോഴുമൊരു പോരാളിയാണെന്നും ഈ പരീക്ഷണത്തെയും അതിജീവിക്കും എന്നും മാന്യത പത്രക്കുറിപ്പിൽ പറഞ്ഞു.

‘ഈ ഘട്ടത്തെ മറികടക്കാൻ ഞങ്ങൾക്ക് ഏറെ ശക്തിയും പ്രാർത്ഥനയും ആവശ്യമാണ്. മുൻവർഷങ്ങളിലും ഞങ്ങളുടെ കുടുംബം കടന്നുപോയ ഒരുപാട് പ്രതിസന്ധികളുണ്ട്. ഇതും കടന്നുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നിരുന്നാലും ഊഹാപോഹങ്ങൾക്കും അനാവശ്യമായ കിംവദന്തികൾക്കും ഇരയാകരുതെന്ന് സഞ്ജുവിന്റെ ആരാധകരോട് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സ്നേഹവും ഊഷ്മളമായ പിന്തുണയുമാണ് ഞങ്ങളെ സഹായിക്കുക. സഞ്ജു എല്ലായ്പ്പോഴും ഒരു പോരാളിയാണ്...’.- മാന്യത കുറിച്ചു.