Tuesday 18 February 2020 12:01 PM IST : By സ്വന്തം ലേഖകൻ

‘ഉദ്യോഗസ്ഥർ ആരാണിതെന്ന ഭാവത്തിൽ കുറെ നേരം എന്നെയും ഐഡി കാർഡും മാറിമാറി നോക്കി...’! മേക്കോവർ പുലിവാലായ കഥ പറഞ്ഞ് സാറ

sara-new

അതിശയപ്പിക്കുന്ന മേക്കോവറിലൂടെയാണ് ബോളിവുഡ് താരവും സൂപ്പർതാരം സെയ്ഫ് അലിഖാന്റെ മകളുമായ സാറ അലിഖാൻ ആദ്യം വാർത്തകളിൽ നിറഞ്ഞത്. പിന്നീട് ബോളിവുഡിലെ പുതുതലമുറ നായികയായപ്പോഴും തന്റെ മേക്കോവറിനെക്കുറിച്ച് താരം പറഞ്ഞിട്ടുണ്ട്. 95 കിലോയിൽ നിന്ന് ഇപ്പോഴത്തെ ലുക്കിലേക്കെത്തിയ സാറയുടെ പഴയ ചിത്രങ്ങൾ കണ്ടാൽ തിരിച്ചറിയുക പ്രയാസം.

ഇപ്പോഴിതാ, തന്റെ തിരിച്ചറിയൽ കാർഡിലെ ചിത്രം കണ്ട് യുഎസ് വിമാനത്താവളത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കേണ്ടി വന്ന സംഭവം പങ്കുവച്ചിരിക്കുകയാണ് താരം. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാറ.

‘തിരിച്ചറിയല്‍ കാർഡ് എടുക്കുന്ന സമയത്ത് എന്റെ ശരീരഭാരം 96 കിലോയായിരുന്നു. അതുകൊണ്ടു തന്നെ ആ ഫോട്ടോയാണ് ഐഡി കാർഡിൽ. അതുകാരണം എനിക്ക് ചില പ്രശ്നങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്റെ തിരിച്ചറിയൽ കാർഡ് നോക്കി പരിശോധിക്കുന്ന ഉദ്യോഗസ്ഥർ ആരാണിതെന്ന ഭാവത്തിൽ കുറെ നേരം എന്നെയും ഐഡി കാർഡും മാറിമാറി നോക്കി. പ്രത്യേകിച്ചും അമേരിക്കയിൽ’.– സാറ പറഞ്ഞു.

കേദാർനാഥ് എന്ന ആദ്യ ചിത്രത്തിലേക്ക് എത്തുന്നതിനു മുൻപുതന്നെ സാറ തന്റെ ഭാരം 26 കിലോ കുറച്ചിരുന്നു. ‘എന്റെ റെഗുലർ വിസയിലുള്ള ചിത്രവും വിദ്യാർഥി വിസയിലെ ചിത്രവും വ്യത്യസ്തമാണ്. സംശയം തോന്നുന്നതിൽ ആരെയും തെറ്റു പറയാൻ കഴിയില്ല’.– സാറ വ്യക്തമാക്കി.