Wednesday 20 February 2019 03:14 PM IST : By സ്വന്തം ലേഖകൻ

അത്തരം വാർത്തകൾ വിശ്വസിക്കരുത്! വ്യാജ പ്രചരണത്തിനെതിരെ സത്യൻ അന്തിക്കാട്

sathyan-anthikkadu-new

തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്കെതിരെ സംവിധായകൻ സത്യൻ അന്തിക്കാട്. സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന അറിയിപ്പ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.

‘എന്റെ പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ വേണമെന്നു പറഞ്ഞ് ആരൊക്കെയോ പ്രചരണം നടത്തുന്നുണ്ടെന്ന് അറിയുന്നു.
വാസ്തവവിരുദ്ധമായ അത്തരം വാർത്തകൾ വിശ്വസിക്കരുത് എന്നു മാത്രം അറിയിക്കുന്നു’. ‘ചെറിയൊരു മുന്നറിയിപ്പ്’ എന്ന പേരിൽ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇത്തരത്തിൽ മുൻപ് പല സംവിധായകരുടെയും പേരിൽ കാസ്റ്റിങ് കോൾ അറിയിപ്പുകൾ സോഷ്യൽ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ സംവിധായകർ രംഗത്തു വന്നതും വാർത്തയായി.

‘ഞാന്‍ പ്രകാശന്‍’ ആണ് സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം. നീണ്ട ഇടവേളയ്ക്കു ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിച്ച ചിത്രം വൻ ഹിറ്റാണ്.