Saturday 22 June 2019 03:44 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം’! കിങ് ഖാന്റെ മടങ്ങിവരവ് വൈകും

sharukh-new

സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന കിങ് ഖാൻ എന്നു മടങ്ങി വരുമെന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാല്‍ ആ കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് സൂചന. ആനന്ദ് എല്‍ റായുടെ സീറോയ്ക്ക് ശേഷം ഷാരൂഖിന്റെ പുതിയ ചിത്രങ്ങൾ തിയേറ്ററിലെത്തുകയോ അദ്ദേഹം പുതിയ സിനിമകൾ പ്രഖ്യാപിച്ചിട്ടോ ഇല്ല. സീറോ ബോക്സ് ഓഫീസില്‍ വന്‍ പരാജയതോടെയാണ് സിനിമകളുടെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ താരം തീരുമാനിച്ചിരിക്കുന്നത്.

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം എന്നതിനാല്‍ പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുക്കാന്‍ തോന്നുന്നില്ല എന്നാണ് ഷാരൂഖ് പറയുന്നത്. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘‘നിലവില്‍ ഒരു സിനിമയിലും ഞാന്‍ അഭിനയിക്കുന്നില്ല. സാധാരണ ഒരു സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തില്‍ എത്തുമ്പോൾ അടുത്ത സിനിമ തുടങ്ങും. പക്ഷേ, ഇത്തവണ എനിക്കങ്ങനെ ചെയ്യാന്‍ തോന്നിയില്ല. എനിക്കെന്തോ കൂടുതല്‍ സമയമെടുക്കാനും സിനിമകള്‍ കാണാനും കഥകള്‍ കേള്‍ക്കാനും പുസ്തകങ്ങള്‍ വായിക്കാനുമൊക്കെ തോന്നി. എന്റെ കുട്ടികള്‍ അവരുടെ കോളേജ് കാലഘട്ടത്തിലാണ്. എന്റെ മകള്‍ കോളേജിലാണ്. മകന്റെ പഠനം തീരാറായി. എനിക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം’’.– അദ്ദേഹം പറഞ്ഞു.