Thursday 27 February 2020 02:28 PM IST : By സ്വന്തം ലേഖകൻ

കോട്ടിൽ മുടി കുരുങ്ങി, ഗോപികയ്ക്ക് ഷാരൂഖിന്റെ സഹായം! വൈറൽ വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

sharukh

ദ ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്സിറ്റി സ്കോളര്‍ഷിപ്പ് തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്‍തറയില്‍ ഭാസിയ്ക്ക് ലഭിച്ചത് വലിയ വാർത്തയായിരുന്നു.

മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ഷാരൂഖ് ഖാന്‍ ആണ് ഗോപികയ്ക്ക് സ്കോളര്‍ഷിപ്പ് സമ്മാനിച്ചത്. ഈ ചടങ്ങില്‍ നിന്നുള്ള രസകരമായ ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറൽ.

സ്കോളര്‍ഷിപ്പ് സമ്മാനിക്കുന്നതിന്റെ ഭാഗമായി ഷാരൂഖ് ഗോപികയെ കോട്ട് ധരിപ്പിച്ചു. അതിനിടെ കോട്ടിനുള്ളില്‍ ഗോപികയുടെ തലമുടി കുടുങ്ങി. ഇതുകണ്ട ഷാരൂഖ് ഗോപികയുടെ മുടി ഒതുക്കി വയ്ക്കുകയും കോട്ട് ധരിക്കാന്‍ സഹായിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കാര്‍ഷിക മേഖലയിലെ പഠനത്തിനാണ് ഗോപികയ്ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചത്. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ലാ ട്രോബ് യൂണിവേഴ്സിറ്റി 2019 മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ ആരംഭിച്ചത്.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 800 വിദ്യാര്‍ഥികള്‍ സ്കോളര്‍ഷിപ്പിനായി അപേക്ഷിച്ചിരുന്നു. ഇവരില്‍ നിന്നാണ് ഗോപികയെ അംഗീകാരം തേടിയെത്തിയത്.