Monday 22 April 2019 03:33 PM IST : By സ്വന്തം ലേഖകൻ

‘ഈ സന്തോഷവാർത്ത ആരോടെങ്കിലും പറയാനാകാതെ ഞാൻ വീർപ്പുമുട്ടി’! മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് ഒരു കുറിപ്പ്

sidhu-new

മോഹൻലാല്‍ ആദ്യമായി സംവിധായകനാകുന്നു എന്ന വാർത്ത പുറത്തു വന്നതിന്റെ ആവേശത്തിലാണ് ആരാധകർ. നവോദയയുമായി സഹകരിച്ചാണ് താരം ത്രീഡിയിൽ ‘ബറോസ്’ എന്ന പേരിൽ ചിത്രമൊരുക്കുക. ഇപ്പോഴിതാ ഈ വിശേഷം ലോകം അറിയും മുമ്പേ അറിഞ്ഞ ഒരാൾ അതിന്റെ ആവേശവും സന്തോഷവും സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കലാണ് ഫെയ്സ്ബുക്കിലൂടെ ലാലേട്ടൻ സംവിധായകനാകുന്നതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കു വച്ചിരിക്കുന്നത്.

‘ഈ വാർത്ത, ഈ സന്തോഷം സിനിമാ ലോകത്തോട് വിളിച്ചുപറയാൻ ഞാൻ വെമ്പി. പക്ഷെ ഔദ്യോഗികമായി ഒരറിയിപ്പുണ്ടാകും വരെ ഇത് പുറത്തുവിടാനും പറ്റില്ല. ഈ സന്തോഷവാർത്ത ആരോടെങ്കിലും പങ്കുവെക്കാതെ വല്ലാത്ത വീർപ്പുമുട്ടലിലായിരുന്നു ഞാൻ’.– സിദ്ദു കുറിച്ചു.

സിദ്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

എല്ലാവരും കൊതിക്കുന്ന ഒരു സന്ദർഭം, അത് നമുക്ക് കിട്ടുക എന്നത് മഹാഭാഗ്യമായി തന്നെ കരുതണം. അച്ഛന്റെയും അമ്മയുടെയും ഗുരുകാരണവൻമാരുടെയും അനുഗ്രഹമായും കാണാം. ഞാൻ വർക്ക് ചെയ്യാൻ പോകുന്ന പുതിയ സിനിമ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ യുടെ ലൊക്കേഷൻ അന്വേഷിക്കുന്നതിനിടയിൽ ഒരു ദിവസം ആന്റണി പെരുമ്പാവൂർ വിളിച്ചു. നമുക്കൊരിടം വരെ പോകാനുണ്ട്. ആന്റണിയോടൊപ്പം യാത്രചെയ്യുമ്പോൾ എന്തിനാണെന്നോ എവിടേക്കാണെന്നോ ആന്റണി പറഞ്ഞില്ല. കാർ ചെന്നുനിന്നത് നവോദയയുടെ മുറ്റത്ത്. ജിജോ സാറുമായി സംസാരിക്കാനിരുന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി,‘ബറോസ്’– ലാലേട്ടൻ സംവിധാനം ചെയ്യുന്ന സിനിമ. അതിൽ എനിക്കും സഹകരിക്കാൻ സാധിക്കുക. ഈ വാർത്ത, ഈ സന്തോഷം സിനിമാ ലോകത്തോട് വിളിച്ചുപറയാൻ ഞാൻ വെമ്പി. പക്ഷെ ഔദ്യോഗികമായി ഒരറിയിപ്പുണ്ടാകും വരെ ഇത് പുറത്തുവിടാനും പറ്റില്ല. ഈ സന്തോഷവാർത്ത ആരോടെങ്കിലും പങ്കുവെക്കാതെ വല്ലാത്ത വീർപ്പുമുട്ടലിലായിരുന്നു ഞാൻ. ഇന്നലെ ലാലേട്ടൻ ബ്ലോഗിലൂടെ താൻ സംവിധാനം ചെയ്യാൻ പോകുന്ന വിവരം ലോകത്തെ അറിയിച്ചു. ഭാഗ്യം ആദ്യം എന്നെ കടാക്ഷിക്കുന്നതു സുകുമാരൻ സാറിന്റെ രൂപത്തിലാണ്. ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാകാൻ കഴിയുന്നത് ഇതുവരെയുള്ള എന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൽ സഹകരിക്കാൻ സാധിച്ചതും അത് വലിയ വിജയമായതും മറ്റൊരു ഭാഗ്യം. എല്ലാവരോടും നന്ദി പറയുന്നു. ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവിന്റെ വലിയ മനസും സ്നേഹവുമാണ് ഇതിനെല്ലാം പിന്നിൽ. എന്താണ് ഞാൻ പറയേണ്ടത്. നന്ദി പറഞ്ഞാൽ അത് കുറഞ്ഞു പോകും.