Wednesday 11 July 2018 12:38 PM IST : By സ്വന്തം ലേഖകൻ

‘കണ്ണുനീർ പുഞ്ചിരിക്ക് വഴിമാറിയ ആ നിമിഷം’; മുടിമുറിച്ചപ്പോൾ പൊഴിഞ്ഞ കണ്ണീരിനെ പുഞ്ചിരിയാക്കി മാറ്റി സൊണാലി-വിഡിയോ

sonali-cover

ബോളിവുഡ് താരം ഇർഫാൻ ഖാന് അർബുദമാണെന്ന വാർത്തയുടെ ഞെട്ടലിൽ നിന്നും പ്രേക്ഷക ലോകം ഇനിയും മുക്തമായിട്ടില്ല. ഇതിനു പിന്നാലെയായിരുന്നു ഏവരെയും സങ്കടത്തിലാഴ്ത്തിയ ആ വാർത്തയെത്തിയത്. തൊണ്ണൂറുകളിലെ ബോളിവുഡ് പ്രേക്ഷകരുടെ സ്വപ്ന സുന്ദരി സൊനാലി ബാന്ദ്രെയ്ക്ക് അർബുദം സ്ഥിരീകരിച്ചിരിക്കുന്നു!

ഞെട്ടലുളവാക്കുന്ന വാർത്ത സൊണാലി ബേന്ദ്ര തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. അര്‍ബുദം മൂര്‍ദ്ധന്യാവസ്ഥയിലാണെന്നും എങ്കിലും പോരാടുമെന്നും സൊണാലി അന്ന് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ പറഞ്ഞ വാക്കുകളെ അന്വർത്ഥമാക്കി അർബുദത്തെ ചിരിച്ചു കൊണ്ട് നേരിടുകയാണ് സൊണാലി. ചികിത്സയുടെ ഭാഗമായി ന്യൂയോർക്കിലുള്ള താരം അവിടെ നിന്നും പങ്കുവച്ച വിഡിയോ അവരുടെ ആത്മവിശ്വാസത്തിന്റെ നേർ ചിത്രമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

sonali-3

ഇന്‍സ്റ്റഗ്രാമില്‍ സൊനാലി പങ്കുവച്ച, ഏറെ വൈകാരികമായ വിഡിയോയിൽ നിന്നുമാണ് തുടക്കം. ചികിത്സയുടെ ഭാഗമായി തന്റെ മുടി മുറിച്ച് കളയുമ്പോൾ കണ്ണീരോടെയാണ് സൊനാലി അത് നോക്കി നിന്നത്. എന്നാൽ രോഗാവസ്ഥയുടെ ഒരു ഘട്ടത്തിലും താൻ തോറ്റുകൊടുക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പുമായി സൊനാലി പിന്നാലെയെത്തി.

‘എന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഇസബെല്‍ അലെന്‍ഡിന്റെ വാക്കുകള്‍ കടമെടുക്കുകയാണ്. നമ്മുടെ അകത്തൊളിച്ചിരിക്കുന്ന ശക്തിയെ പുറത്തേക്ക് കൊണ്ടുവരാന്‍ നിര്‍ബന്ധിതനാവുന്നത് വരെ നമ്മള്‍ എത്രമാത്രം ശക്തനാണെന്ന് നമ്മള്‍ തിരിച്ചറിയുകയില്ല.

sonali-4

ഒരു ദുരന്തം, യുദ്ധം, ആവശ്യകത എന്നിവയുടെ സമയങ്ങളിലാണ് നമ്മള്‍ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യുന്നത്. അതിജീവനത്തിനും തിരിച്ചുവരവിനുമുളള മനുഷ്യന്റെ കഴിവ് വിസ്മയകരമാണ്. ദിവസങ്ങളായി എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹം വാക്കുകള്‍ക്ക് അതീതമാണ്. നിങ്ങളുടേയോ, അടുത്തറിയുന്നവരുടേയൊ അര്‍ബുദത്തിനെതിരായ പോരാട്ടങ്ങളുടെ കഥകള്‍ നിങ്ങള്‍ അയച്ചുതന്നതില്‍ ഞാന്‍ നന്ദി പറയുന്നു. ആ കഥകള്‍ എനിക്ക് തരുന്ന ധൈര്യവും കരുത്തും വലുതാണ്, കൂടാതെ ഞാന്‍ ഒറ്റയ്ക്കല്ല എന്നും നിങ്ങളെന്നെ ഓര്‍മ്മിപ്പിക്കുന്നു’– സൊനാലിയുടെ ഹൃദയം തൊട്ട വാക്കുകൾ.

sonali-1

തനിക്ക് അർബുദമാണെന്ന് ആരാധകർക്കു മുന്നിൽ വ്യക്തമാക്കുമ്പോഴും സമാനമായ രീതിയിലൊരു കുറിപ്പ് സൊനാലി പങ്കുവച്ചിരുന്നു.

‘ ജീവിതം ചിലപ്പോള്‍ ഒരു പന്ത് പോലെ നിങ്ങളെ തട്ടിപ്പെറിക്കും. ഈയിടെയാണ് ഞാൻ അറിഞ്ഞത് എനിക്കും ക്യാന്‍സര്‍ എന്ന മഹാരോഗം പിടിക്കപ്പെട്ടെന്നും അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണെന്നും. കഠിനമായ വേദന അനുഭവപ്പെട്ടപ്പോഴാണ് ചില പരിശോധനകള്‍ നടത്തിയത്. അപ്പോഴാണ് ക്യാന്‍സറാണെന്ന് അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞത്.

എന്നാല്‍ താന്‍ തളര്‍ന്നുപോയില്ല. എന്റെ കുടുംബവും, സുഹൃത്തുക്കളും എനിക്ക് ധൈര്യം തന്ന് എന്നോടൊപ്പം നിന്നു. അവരൊക്കെ എന്റെ കൂടെയുള്ളതിനാല്‍ താന്‍ ഭാഗ്യവതിയാണ്, ഓരോരുത്തര്‍ക്കും ഞാൻ നന്ദിയറിയിക്കുന്നു’- സൊനാലി അന്ന് കുറിച്ച വികാരനിർഭരമായ വാക്കുകൾ.

sonali-5

ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ നടി അഭിനയിച്ചു. മേജർ സാബ്, സർഫരോഷ്, ലവ് യു ഹമേഷ എന്നിവ പ്രധാനചിത്രങ്ങളാണ്.